മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. മോദി- ബൈഡന്‍ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബൈഡന്‍ പ്രധാനമന്ത്രിയായതിനുശേഷം ഇരുനേതാക്കളും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. ഇന്‍ഡോ പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ബൈഡന്‍ പറഞ്ഞു

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കൊവിഡ് വ്യാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിലും ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നടപടികളെ നരേന്ദ്രമോദി പ്രകീര്‍ത്തിച്ചു. ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്നും മോദി പറഞ്ഞു.

ഇന്ന് നടക്കുന്ന ക്വാഡ് യോഗത്തിന് മുന്നോടിയായാണ് ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും.താലിബാന്‍ വിഷയം ഉച്ചകോടിയില്‍ പ്രധാനചര്‍ച്ചയാകും. ഇന്തോ പസഫിക് ചര്‍ച്ചകളും ഉച്ചകോടിയില്‍ നടക്കും.

കഴിഞ്ഞ മാര്‍ച്ചിലാണ് ക്വാഡ് രാജ്യങ്ങളുടെ വെര്‍ച്വല്‍ ഉച്ചകോടി നടന്നത്. അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം, ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്നലെ നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. 2019ല്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിക്കുവേണ്ടിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അവസാനമായി അമേരിക്ക സന്ദര്‍ശിച്ചത്