വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

കിറ്റക്സ് ജീവനക്കാര്‍ ആദ്യ ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. നിലവില്‍ വാക്സിനേഷന്‍ നടത്താന്‍ കിറ്റക്സിന് തടസ്സമില്ല. അതേസമയം, വിഷയത്തിൽ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കിറ്റക്സ് അറിയിച്ചു. കേന്ദ്രത്തിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.

വാക്സിൻ ഇടവേളയിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ അപ്പീൽ നൽകിയിരുന്നു