ന്യൂയോർക്ക്:  ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ന്യൂയോർക്കിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. അമേരിക്ക സന്ദർശനത്തിനായി എത്തിയ മന്ത്രി ന്യൂയോർക്കിലെ  ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചു കൂട്ടിയ മീറ്റിംഗിൽ പ്രത്യേക ക്ഷണിതാവായി എത്തിയപ്പോഴായിരുന്നു ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസുമായി കൂടിക്കാഴ്ച്ച നടത്തിയത്. 

 കഴിഞ്ഞ ഏതാനും വർഷങ്ങളിൽ  ഉണ്ടായ ഇന്ത്യയുടെ ഭരണനേട്ടങ്ങളെ പറ്റി വിശദമായി സംസാരിച്ച മന്ത്രി കോവിഡിനെ നേരിടാൻ രാജ്യം ചെയ്‌ത പ്രവർത്തനങ്ങൾ വിശദമാക്കി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ റൺധീർ ജയ്‌സ്വാൾ, ഡെപ്യൂട്ടി കോൺസുൽ ജനറൽ വരുൺ ജെഫ് എന്നിവരും കോൺസുലേറ്റ് ഉദ്യോഗസ്ഥരും ആണ്‌ ഈ ഉന്നത തല മീറ്റിംഗ്‌ സംഘടിപ്പിച്ചത്.

അമേരിക്കയിലുള്ള  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലിൽ നിന്നുള്ള വിവിധ സംഘടനകളുടെ കേന്ദ്ര സംഘടനകളെ പ്രതിനിധീകരിച്ച പ്രസിഡന്റുമാർ ഉൾപ്പെട്ട പ്രതിനിധി സംഘമായിരുന്നു മീറ്റിംഗിൽ പങ്കെടുത്തവർ.  ന്യൂയോർക്ക്  കോൺസുലേറ്റ് അതിർത്തിയിലുള്ള ഇന്ത്യൻ വംശജരുടെ സാമൂഹ്യ സംഘടനാ പ്രവർത്തകരുടെ പ്രതിനിധികളുമായി നിത്യമായി ബന്ധം പുലർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുൾപ്പെടെ നേതൃത്വം നല്കുന്ന കമ്മ്യൂണിറ്റി അഫ്‌യേഴ്‌സ് ഡിപ്പാർട്മെന്റിന്റെ മേധാവി എ. കെ വിജയ കൃഷ്ണൻ മീറ്റിംഗിന് സാരഥ്യം വഹിച്ചിരുന്നു.  

വിസ, ഒ സി ഐ കാർഡ് ഉൾപ്പെടെ  അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ജോർജി വർഗീസ് അനൗദ്യോഗിക ചർച്ചകൾ നടത്തി. കോൺസുലേറ്റ് അധികാരികളുമായി  ബന്ധങ്ങൾ സുദൃഢമാക്കാനും കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഹാർദ്ദവമാക്കാനും ഈ ഏറെ  മീറ്റിംഗ്‌ ഉപകാരപ്രദമായിരുന്നുവെന്ന് ജോർജി വർഗീസ് അറിയിച്ചു.  ഒ സി ഐ കാർഡ് നടപടികളിൽ അടുത്തയിടെ വന്നിട്ടുള്ള മാറ്റങ്ങളെ ഉൾപ്പെടുത്തി ഒരു വിശദീകരണ ക്ലാസുകൾ‌  നടത്തുവാൻ  ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,