ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേറ്റന്റ് നിരക്ക് 80 ശതമാനം കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നൂതനസാങ്കേതിക വിദ്യകളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം വര്‍ഷംതോറും നിരവധി പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു.

എന്നാല്‍ ഇവ കൂടുതല്‍ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും പേറ്റന്റ് ആവശ്യമാണ്. പേറ്റന്റ് നിരക്ക് കുറയ്ക്കുന്നതോടെ ഇത് കൂടുതല്‍ എളുപ്പമാകും.ഇതിന് മുന്‍പ് പേറ്റന്റുകള്‍ പരിശോധിക്കുന്നതിന് ഉള്ള സമയം 72 മാസത്തില്‍ നിന്ന് 12-30 മാസമാക്കി കുറയ്ക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ച്‌ 41 ദിവസത്തിനുള്ളില്‍ നല്‍കുന്ന രീതിയിലേക്ക് വരെ നടപടിക്രമങ്ങള്‍ മാറിയിരുന്നു.

പേറ്റന്റ് നടപടിക്രമങ്ങള്‍ ഇത്തരത്തില്‍ ലഘൂകരിക്കുന്നത് സംരംഭകരെ വ്യവസായങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യം നേരത്തെ ലഭ്യമാക്കിയിരുന്നു.