ഇസ്ലാമാബാദ് : പരിശീലനപറക്കലിനിടെ പാകിസ്ഥാന്‍ വ്യോമസേനയുടെ ട്രെയിനര്‍ ജെറ്റ് തകര്‍ന്നു വീണു. ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണ് വൈമാനികരെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ന്ന് വീണത്. വിമാനം തകര്‍ന്നു വീണുവെങ്കിലും അപകടത്തെ കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

അതേസമയം, പാകിസ്ഥാനില്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് നിത്യസംഭവങ്ങളായിട്ടുണ്ട്. ചൈനയില്‍ നിന്ന് വാങ്ങിയതും, ചൈനീസ് സഹായത്തോടെ നിര്‍മ്മിക്കപ്പെട്ടതുമായ വിമാനങ്ങളാണ് കൂടുതലായും തകര്‍ന്നു വീഴുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലായിലും പാക് പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് നഗരത്തിന് സമീപം പാകിസ്ഥാന്‍ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും സമാന വിമാന അപകടം നടന്നിരുന്നു.

കഴിഞ്ഞ ദിവസം, ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്ടര്‍ ജമ്മുകാശ്മീരിലെ ഉദ്ദംപൂരിലെ പട്‌ന ടോപ് മലനിരകളില്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചിരുന്നു. ഈ സംഭവം പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കുകയും ചെയ്തു.