മലയാളികളുടെ പ്രിയ നടനും മലയാള സിനിമയിലെ കാരണവരുമായ (Actor Madhu) മധുവിന് ഇന്ന് 88 ആം പിറന്നാള്‍. കോവിഡ് മഹാമാരിയുടെ കാലമായതിനാല്‍ ഇക്കുറിയും വിപുലമായ പിറന്നാള്‍ ആഘോഷങ്ങളുണ്ടാകില്ല. നിരവധിപേരാണ് ഇതിനോടകം തന്നെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.സംവിധായകന്‍ വിജി തമ്പി ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കിലൂടെ മലയാളത്തിന്റെ മഹാനടന് ആശംസകള്‍ നേര്‍ന്നു. താരത്തിന്റെ ബാല്യകാല ചിത്രമുള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു സംവിധായകന്‍ ആശംസകള്‍ പങ്കുവച്ചത്.

സംവിധായകന്‍ വിജി തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘മലയാളത്തിന്റെ മഹാ നടന്‍ പി. മാധവന്‍ നായര്‍ എന്ന മധു സാറിന് ജന്മദിനാശംസകള്‍..
വളരെ വലിയ ഒരു ഹൃദയത്തിന് ഉടമയായ ഈ മനുഷ്യ സ്നേഹിക്ക്, ഈ വലിയ കലാകാരന് ഇനിയും കാലങ്ങളോളം ആയുസ്സും ആരോഗ്യവും കനിഞ്ഞു നല്‍കി അനുഗ്രഹിക്കാന്‍ സാക്ഷാല്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു..’

 

 

മഹാനടന്റെ ആദ്യകാല ജീവിതം

തിരുവനന്തപുരം (Trivandrum) മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്തംബര്‍ 23ന് മാധവന്‍ നായര്‍ എന്ന മധു ജനിച്ചു. മലയാള സിനിമയുടെ ശൈശവ കാലം മുതല്‍ സിനിമയോട് ചേര്‍ന്നുള്ള ജീവിതയാത്ര ഇന്നും തുടരുകയാണ് പകരംവയ്ക്കാനാകാത്ത ഈ അതുല്യപ്രതിഭ. അഭിനയത്തോടൊപ്പം സംവിധാനത്തിലും നിര്‍മ്മാണത്തിലും കൈയ്യൊപ്പ് പതിപ്പിച്ച മധു കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ചേക്കേറിയത്. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായിരുന്നു. പിന്നീട്‌ കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ അവധി നല്‍കി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി. നാഗര്‍കോവിലിലെ സ്കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരിക്കെയാണ് ജോലി രാജിവച്ച്‌ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ അഭിനയം പഠിക്കാന്‍ പോയത്. 1959ല്‍ എന്‍.എസ്.ഡി യുടെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് മധു. ഈ കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂര്‍ത്തിയാക്കിയശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും സിനമയുടെ ബിഗ് സ്ക്രീന്‍ അദ്ദേഹത്തിന് മുന്നിലേക്ക് തുറക്കപ്പെടുകയായിരുന്നു.

മാധവന്‍ നായര്‍ ‘മധു’വായ കഥ

ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധുവിന്റെ അരങ്ങേറ്റം. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ് മാധവന്‍ നായരെ മധുവാക്കി മാറ്റിയത്. ആദ്യം അഭിനയിച്ച (Malayalam) മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച്‌ എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാല്പാടുകള്‍’ ആണ്. ഈ ചിത്രത്തില്‍ പ്രേംനസീറിന്റെ നായക കഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ മനസില്‍ തന്റേതായ ഒരിടം ഒരുക്കിയെടുത്തു. നിര്‍മാതാക്കള്‍ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്.

ഇന്നും മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന പരീക്കുട്ടി

മധുവിന്റെ ഏറ്റവും ജനഹൃദയം കീഴടക്കിയ കഥാപാത്രമായിരുന്നു ചെമ്മീനിലെ പരീക്കുട്ടി. പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സിനിമയില്‍ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ മധുവിനായി. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ..’ എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു. ക്ഷുഭിത യൗവ്വനവും പ്രണയാതുരനായ കാമുകനുമൊക്കെയായി നിരവധി സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷത്തില്‍ തിളങ്ങി.

മലയാളം, ഹിന്ദി, തമിഴ് (Tamil) ഭാഷകളിലായി 370ല്‍ കൂടുതല്‍ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1980ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരസ്കാരവും 2004ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ അവാര്‍ഡും ലഭിച്ചു. 2013ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.താരജാഡയൊന്നും ഇല്ലാത്ത സ്നേഹബന്ധങ്ങള്‍ക്ക്‌ ഉടമയായ മധു കാമറയ്ക്ക് മുന്നില്‍ മാത്രമായി അഭിനയിച്ചു തീര്‍ക്കാന്‍ തയ്യാറല്ലായിരുന്നു. സംവിധായകന്‍, നിര്‍മാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂള്‍ ഉടമ, കര്‍ഷകന്‍ തുടങ്ങിയ നിലകളിലേക്കും വളര്‍ന്നു. മെരിലാന്റ്, ഉദയ എന്നീ സ്റ്റുഡിയോകള്‍ മാത്രം ഉണ്ടായിരുന്ന കേരളത്തില്‍ 1976ല്‍ തിരുവനന്തപുരം പുളിയറക്കോണത്ത് ഉമ ആര്‍ട്സ് സ്റ്റുഡിയോ മധുവിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ചു. മലയാള സിനിമ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക്‌ പറിച്ചുനടപ്പെട്ട ആ കാലഘട്ടത്തില്‍ മറ്റു പല സിനിമാ നിര്‍മാതാക്കള്‍ക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി. 1970ല്‍ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് പന്ത്രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇവയില്‍ പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. കൂടാതെ മാന്യശ്രീ വിശ്വാമിത്രന്‍, സംരംഭം തുടങ്ങി 15 ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

സംവിധായകന്‍ വിജി തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം