അഹമ്മദാബാദ്: ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് പൊടുന്നനെ ഒഴുകി തുടങ്ങിയതും, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതും തമ്മില്‍ ബന്ധം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ 3,000 കിലോ ഹെറോയിന്‍ പിടിച്ചെടുത്തോടെയാണ് അധികൃതര്‍ ഇക്കാര്യം വിലയിരുത്തുന്നത്.ലോകത്തെ ഏറ്റവും ശക്തമായ ഡ്രഗ് കാര്‍ട്ടല്‍ മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലാണ്. ഇവരോട് കിടപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് അഫ്ഗാനിസ്ഥാനിലെ താലബാന്‍.

തീവ്രവാദ സംഘടനയായിരിക്കവേ വരുമാനമുണ്ടാക്കാനുള്ള അവരുടെ മാര്‍ഗ്ഗമായിരുന്നു ലഹരിമുരുന്നു വിപണി. അന്ന് അഫ്ഗാനില്‍ അവര്‍ ഭരിച്ചിരുന്ന കേന്ദ്രങ്ങളിലായിരുന്നു ലഹരി മരുന്നു ഉല്‍പ്പാദനം നടന്നത്. എന്നാല്‍, ഇന്ന് ഒരു രാജ്യം മുഴുവന്‍ അവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ താലിബാന്‍ ലഹരിമരുന്നു വിപണിയില്‍ അതികായനാകാനാണ് ഒരുങ്ങുന്നത്. ഇന്ത്യയിലേക്ക് ലഹരി ഒഴുക്കാന്‍ തന്നെയാണ് താലിബാന്റെ തീരുമാനം.

അഫ്ഗാനിസ്ഥാനില്‍ ഉല്‍പാദിപ്പിക്കുന്ന ഹെറോയിന്‍ ഇന്ത്യയിലേക്കു കടത്താന്‍ ആസൂത്രിതമായി നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നീ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലൂടെ കടല്‍മാര്‍ഗം ഇന്ത്യയില്‍ ലഹരി വസ്തുക്കള്‍ എത്തിക്കാനാണു മാഫിയ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ പക്കലുള്ള ലഹരിവസ്തുക്കളുടെ ശേഖരം താലിബാന്‍ പിടിച്ചെടുക്കുമെന്നും അങ്ങനെയെങ്കില്‍ ലഹരി വസ്തുക്കളും ഒപ്പം ജീവനും നഷ്ടമാകുമെന്നും മാഫിയ തലവന്മാര്‍ ഭയക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനാല്‍ ലഹരി വസ്തുക്കളുടെ ശേഖരം ഇന്ത്യയിലേക്കു മാറ്റാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ‘3000 കിലോഗ്രം ഹെറോയിനാണു മുന്ദ്ര തുറമുഖത്തുനിന്നു പിടികൂടിയത്, അന്വേഷണം പുരോഗമിക്കുകയാണെ്,’ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. താലിബാന്റെ വാര്‍ഷിക വരുമാനത്തില്‍ 60 ശതമാനവും മയക്കുമരുന്ന് വ്യപാരമാണ്.

ആന്ധ്രയിലെ വിജയവാഡ കേന്ദ്രമാക്കിയ ഒരു തട്ടിപ്പ് കമ്ബനിയാണ് 20,900 കോടിയുടെ അഫ്ഗാന്‍ ഹെറോയിന്‍ എത്തിക്കാന്‍ മറയാക്കിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് മുദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളില്‍ ടാല്‍കം പൗഡറാണെന്ന വ്യാജേനയെത്തിച്ച ലഹരിമരുന്ന് പിടികൂടിയത്. ഒരു കണ്ടെയ്‌നറില്‍നിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്‌നറില്‍നിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡവി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഡി.ആര്‍.ഐ. റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്ന് കടത്തില്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.