പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും. പ്രതി അലൈന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുമാണ് ഇന്ന് വാദം നടക്കുക.
ഭീകര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്ന് താഹ ഫസലിന്റെ അഭിഭാഷകന്‍ ജയന്ത് മുത്ത് രാജ് കഴിഞ്ഞ വാദത്തില്‍ കോടതിയെ അറിയിച്ചിരുന്നു. പൊലീസ് പിടിച്ചെടുത്തത് പൊതുവിപണിയിലുള്ള പുസ്തകങ്ങളാണ്. ഒരു രഹസ്യ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നുമാണ് താഹ ഫസലിന്റെ വാദം. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പ്രതികള്‍ നിരോധിത സംഘടനയിലെ അംഗങ്ങളാണെന്ന് എന്‍ഐഎ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. ലഘുരേഖകളും ചില പോസ്റ്ററുകളും കണ്ടെത്തിയെന്നത് കൊണ്ട് നിരോധിത സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ സിപിഐ-മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറുപടി നല്‍കി.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നാല്‍ അലന്‍ ഷുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി റദ്ദാക്കിയില്ല. ഈ സാഹചര്യത്തിലാണ് എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സി.പി.ഐ.എം പാര്‍ട്ടി അംഗങ്ങളായിരുന്ന അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.