ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ നിന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ വിട്ടുനിന്നത് ജോലിഭാരം കുറയ്ക്കാനെന്ന് റിപ്പോർട്ട്. ഐപിഎലിനെക്കാൾ ദേശീയ മത്സരങ്ങൾക്ക് രോഹിത് പ്രാധാന്യം നൽകുന്നു എന്നും അടുത്ത രണ്ട് വർഷത്തെ പദ്ധതികൾ അദ്ദേഹം കൃത്യമായി തീരുമിച്ചു കഴിഞ്ഞു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് യുഎഇയിൽ ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ ആരംഭിച്ചത്. ഐപിഎൽ അവസാനിച്ച് ഉടൻ ടി-20 ലോകകപ്പ് ആരംഭിക്കും. ഇത്ര തിരക്കുപിടിച്ച ഷെഡ്യൂളിനിടയിൽ ആവശ്യത്തിനു വിശ്രമം ലഭിക്കുക എന്നതാണ് രോഹിതിൻ്റെ ശ്രമം. വ്യാഴാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രോഹിത് കളിച്ചേക്കും.

മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ചെന്നൈ പരാജയപ്പെടുത്തിയിരുന്നു. 20 റൺസിനാണ് ചെന്നൈ വിജയിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 136 റൺസേ നേടാനായുള്ളൂ.

 

ഓപ്പണർ ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 52 പന്തിൽ നിന്ന് 88 റൺസ് അടിച്ചെടുത്തു. രവീന്ദ്ര ജഡേജ 26ഉം ഡ്വയിൻ ബ്രാവോ 23ഉം നേടി. കളിയിൽ പതിനൊന്ന് ഓവറുകൾ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന അവസ്ഥയിലായിരുന്നു ചെന്നൈ. പിന്നീടുള്ള ഓവറുകളിൽ ഋതുരാജിന്റെ പ്രകടനം നിർണായകമായി. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ജഡേജയും ഋതുരാജും ചേർന്ന് 81 റൺസ് സ്കോർ ചെയ്തു.

സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറർ. നാൽപത് പന്തുകളിൽ 5 ഫോറുകളടക്കം 50 റൺസെടുത്ത് താരം പുറത്താവാതെ നിന്നു. ക്വിൻ്റൺ ഡികോക്ക് പന്ത്രണ്ട് പന്തിൽ നിന്ന് 17 റൺസും അൻമോൽപ്രീത് സിംഗ് 14 പന്തിൽ 16ഉം ഇഷാൻ കിഷൻ 10 പന്തിൽ 11ഉം പൊള്ളാർഡ് 14 പന്തിൽ 15ഉം ആദംമിൽനേ 15 പന്തിൽ 15റൺസുമാണ് മുംബൈക്ക് വേണ്ടി നേടിയത്.