മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. രാത്രി ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ഒട്ടേറെ സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കും.

 

2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയിൽ അനുഗമിക്കും. അമേരിക്കൻ പ്രസിഡന്റ് ജോബ് ബൈഡനെ വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സൈനിക സഹകരണം , സാൻകേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതും മേഖലയിലെ ഭീകരവാദ, സുരക്ഷാ ഭീഷണികളും ബൈഡനുമായി ചർച്ചചെയ്യും. താലിബാനു കീഴിൽ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനിൽ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക മോദി അറിയിക്കും. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും ഈ സന്ദർശനകാലയളവിൽ നടക്കും.

സെപ്റ്റംബർ 24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോർക്കിൽ യു.എൻ ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയ രാഷ്ട്രതലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വാഷിംഗ് ടണിൽ എത്തുന്ന പ്രധാനമന്ത്രി പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരുമായ് കൂടിക്കാഴ്ച നടത്തും. ആപ്പിളിന്റെ തലവൻ ടിം കുക്ക് അടക്കമുള്ളവരുമായും പ്രധാനമന്ത്രി ചർച്ച നടത്തുക. 26ന് പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങിയെത്തും.