വിദേശ വാക്സിൻ നിർമ്മാതാക്കളുടെ സമ്മർദം തള്ളി ഇന്ത്യ. വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒരു നിർമ്മാതാവിനും ഇളവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഈ വ്യവസ്ഥ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ വാക്സിന് ഇന്ത്യയിൽ അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഫൈസർ, മൊഡേണ അടക്കമുള്ള കൊവിഡ് വാക്സിൻ നിർമ്മാതാക്കളുടെ നിർദേശമാണ് കേന്ദ്രം തള്ളിയത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കും നഷ്ടപരിഹാര വ്യവസ്ഥയിൽ ഇളവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അതിനിടെ, കൊവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമെന്ന് ഇന്ത്യ തുറന്നടിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്തി അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

 

ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് നിര്‍ബന്ധിത നിര്‍ദ്ദേശത്തോടാണ് ഇന്ത്യയുടെ എതിര്‍പ്പ്. ബ്രിട്ടന്റെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖ്‌ള പ്രതികരിച്ചു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.