കോവിഡ്-നിപ്പാ ഭീതികള്‍ക്കിടെ ഡെങ്കിപ്പനിയുടെ കൂടുതല്‍ അപകടകാരിയായ ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളി ചര്‍ച്ച ചെയ്തത്. സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്. മരണ നിരക്കും കൂടും.

കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചു. എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ കര്‍മസേനകള്‍ക്കു രൂപം നല്‍കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടണം. രോഗബാധിതര്‍ക്ക് ആന്തരിക രക്തസ്രാവത്തിനു സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പനി, തലവേദന, ഛര്‍ദി, ശരീരവേദന എന്നിവയാണു മറ്റു രോഗ ലക്ഷണങ്ങള്‍. ഏതാണ് കോവിഡന് സമാനമായ രോഗ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ ഈ രോഗ ലക്ഷണങ്ങളെ അതിവേഗം കണ്ടെത്തി ചികില്‍സിക്കണം. രോഗം സ്ഥിരീകരിച്ചാല്‍ രോഗബാധിതരുടെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഹെല്‍പ്‌ലൈന്‍ നമ്ബറുകള്‍ ലഭ്യമാക്കണം. രോഗ ലക്ഷണങ്ങളും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചു ബോധവല്‍ക്കരണം നടത്തണം.

ഡെങ്കിപ്പനി പരത്തുന്ന വൈറസിന്റെ അപകടകരമായ രണ്ട് വകഭേദങ്ങളുടെ സാന്നിധ്യം ഡല്‍ഹിയിലും സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആദ്യത്തെ വകഭേദമായ ടൈപ്പ് 1 വകഭേദം പനിക്ക് കാരണമാകുമ്ബോള്‍ ടൈപ്പ് 2 വകഭേദം തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കി മരണത്തിലേക്ക് നയിക്കാം. ടൈപ്പ് 1 വകഭേദമാണ് നിലവില്‍ വ്യാപകമെന്നും കുറച്ച്‌ സാംപിളുകളില്‍ മാത്രമേ ടൈപ്പ് 2 കണ്ടെത്തിയിട്ടുള്ളൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തിയിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.

പനി, തലവേദന, കുളിര്‍ എന്നിവയുണ്ടാക്കുന്ന ടൈപ്പ് 1 ഡെങ്കിപ്പനിയാണ് പൊതുവായി കാണപ്പെടുന്നത്. ടൈപ്പ് 2 ഡെങ്കിപ്പനി രക്തസ്രാവത്തിലേക്കും സ്തംഭനാവസ്ഥയിലേക്കും നയിക്കാം. ടൈപ്പ് 3 വകഭേദം സ്തംഭനാവസ്ഥയില്ലാത്ത പനിക്ക് കാരണമാകുന്നു. ജന്തു ജന്യ രോഗമായ ഡെങ്കിപ്പനി ഈഡിസ് കൊതുകുകള്‍ കടിക്കുന്നത് വഴിയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പനി, തലവേദന, തിണര്‍പ്പ്, പേശിവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, സന്ധിവേദന, കണ്ണുകള്‍ക്ക് വേദന, എല്ലു വേദന എന്നിങ്ങനെ നീളുന്ന ഡെങ്കിപ്പനി ലക്ഷണങ്ങള്‍.

രണ്ട് മുതല്‍ ഏഴു ദിവസം വരെ ഡെങ്കിപ്പനി നീണ്ടു നില്‍ക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡെങ്കിപ്പനിക്ക് പ്രത്യേകമായി മരുന്നുകള്‍ ഇല്ലെങ്കിലും തീവ്രമല്ലാത്ത കേസുകള്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സാധാരണ മരുന്നുകള്‍ കഴിച്ച്‌ മാറ്റിയെടുക്കാം.