കേരളം കോവിഡ് ഭീതിയില്‍ തന്നെ. ലോക്ഡൗണ്‍ പിന്‍വലിച്ച്‌ എല്ലാം തുറന്നു കൊടുത്തതു പോലെയാണ് സംസ്ഥാനത്ത്. ഇത് രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്ക സജീവമാണ്. അതിനിടെ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതു രോഗം തിരിച്ചറിയാതെ കൂടുതല്‍ പേരിലേക്കു പകരാനിടയാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

കോവിഡ് ബാധിച്ചവരില്‍ 74% പേര്‍ക്കും രോഗലക്ഷണമില്ലായിരുന്നു. പുതിയ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും 18-40 പ്രായത്തിലുള്ളവരാണ്. ആകെ കോവിഡ് ബാധിതരില്‍ 49% ഒരു ഡോസ് വാക്‌സീന്‍ പോലും എടുക്കാത്തവരാണെന്നും മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെയാണ് സ്‌കൂളുകള്‍ തുറക്കാനുള്ള ചര്‍ച്ചകള്‍. യുപിയിലും ഡല്‍ഹിയിലും സ്‌കൂള്‍ തുറന്നതാണ് കേരളത്തേയും അതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലും യുപിയിലും കോവിഡ് കേസുകള്‍ തീരെ കുറഞ്ഞിട്ടുണ്ട്.

ഇന്നലെ ഡല്‍ഹിയില്‍ 28 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുപിയില്‍ 26ഉം. കോവിഡ് പ്രതിദിന രോഗികള്‍ 100ല്‍ താഴെ എത്തിയ ശേഷമാണ് ഇവിടെ സ്‌കൂളുകളും മറ്റും തുറന്നത്. രണ്ട് മാസമായി കേസുകള്‍ ഇവിടെ ക്രമാതീതമായി ഉയരുന്നില്ല. പരിശോധനകളും മറ്റും കൂട്ടുന്നുണ്ട് ഇപ്പോഴും ഇവിടെ. എന്നാല്‍ കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തിന് ആനുപാതികമായി പരിശോധന നടക്കുന്നില്ല. പ്രതിദിന രോഗികള്‍ ഇന്നലെ 19653 പേരും. ഇതിനൊപ്പമാണ് ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു എന്ന വിലയിരുത്തല്‍.

ചികിത്സ തേടാതിരിക്കുന്നതു പിന്നീടു രോഗാവസ്ഥ വഷളാകാന്‍ വഴിയൊരുക്കാം. രോഗബാധ സംശയിക്കുന്നവര്‍ മറ്റുള്ളവരുമായുള്ള ഇടപെടലുകള്‍ കുറയ്ക്കണമെന്നും വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും വാക്‌സീന്‍ എടുക്കാത്തവരാണ്. സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ സാമൂഹിക വ്യാപനത്തിന് സാധ്യത കൂടും. എന്നാല്‍ രോഗവ്യാപനം കൂടി നില്‍ക്കുമ്ബോഴും സ്‌കൂളുകള്‍ തുറക്കുന്നതിലെ തീരുമാനം എന്തിനെന്ന ചോദ്യം ബാക്കി.

കോവിഡ് ബാധിതരില്‍ 30% പേര്‍ ഒരു ഡോസ് വാക്‌സീന്‍ എടുത്തവരും 20% പേര്‍ രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരുമാണ്. വാക്‌സീന്‍ എടുക്കാതെ കൂടുതല്‍ പേര്‍ പോസിറ്റീവ് ആയതു മലപ്പുറം ജില്ലയിലാണ്. ആദ്യ ഡോസ് എടുത്തവരില്‍ കോവിഡ് ബാധിച്ചവര്‍ കൂടുതല്‍ പത്തനംതിട്ടയിലും. രണ്ടു ഡോസും എടുത്ത ശേഷം കൂടുതല്‍ പേര്‍ പോസിറ്റീവ് ആയത് കാസര്‍കോട് ജില്ലയിലാണ്. ഈ കണക്കുകളെല്ലാം കേരളത്തിന് ആശങ്കയാണ്.

കേരളത്തില്‍ ഇന്നലെ 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,73,631 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.

സെപ്റ്റംബര്‍ 19 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,37,96,983), 36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (98,27,104) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ന്മ സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ കാലയളവില്‍, ശരാശരി 1,96,657 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 40,432 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.