ഫൈസർ, ആസ്ട്രാസെനെക വാക്സിൻ നിർമ്മാതാക്കളുമായി സൗദി അറേബ്യ രണ്ട് പ്രാരംഭ കരാറുകളിൽ ഒപ്പുവച്ചു. പ്രാദേശികമായി പ്രതിരോധ വാക്‌സിനുകൾ നിർമ്മിക്കുന്നതിനും മെഡിക്കൽ ഗവേഷണ ശേഷി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു
സൗദി അറേബ്യക്കു സാധിക്കും. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയുമായി നിക്ഷേപ മന്ത്രാലയവും നാഷണൽ ഗാർഡ് ഹെൽത്ത് അഫയേഴ്സ് മന്ത്രാലയവും ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കൽ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ഇതോടൊപ്പം ഒപ്പുവച്ചു.

ബയോമെഡിക്കൽ, ഹെൽത്ത് റിസർച്ച് വിദഗ്‌ദ്ധരെയും ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി വ്യവസായ വിദഗ്ധരെയും ഒരുമിപ്പിച്ച്‌ ആരോഗ്യമേഖലയിൽ കൂടുതൽ വികസനങ്ങൾ കൊണ്ടുവരുന്നതിൽ ബയോടെക്നോളജിയുടെ പങ്കിനെ കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം റിയാദിൽ ചേർന്ന റിയാദ് ഗ്ലോബൽ മെഡിക്കൽ ബയോടെക്നോളജി സമ്മിറ്റ് 2021 ൽ ആണ് കരാറുകൾ ഒപ്പിട്ടത്.

പ്രാദേശിക വിപണിയുടെ 36% ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന 40 ലധികം ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ സൗദി അറേബ്യയിൽ ഉണ്ട്.
ഈ കരാറുകൾ സൗദി അറേബ്യയിലെ ആരോഗ്യ പരിപാലന മേഖലയിലെ മികച്ച കഴിവുകൾ, ഗവേഷണം, പഠനം അല്ലെങ്കിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ എന്നിവയിൽ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് സൗദി ഇൻവെസ്റ്റ്മെന്റ്‌ വകുപ്പ് മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹ് പറഞ്ഞു. നിലവിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ ആണ് സൗദി അറേബ്യയിലേക്ക് കൊറോണ വാക്‌സിനുകൾ എത്തിച്ചു വരുന്നത്.