അഫ്ഗാനിസ്താൻ താലിബാന്റെ പിടിയിലായതോടെ ലോകരാജ്യങ്ങൾ ആശങ്കയോടെ നോക്കിക്കൊണ്ടിരിക്കുന്നത് രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയാണ്. സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുമെന്ന് ഉറപ്പ് നൽകിക്കൊണ്ടാണ് താലിബാൻ അധികാരത്തിലേറിയത് എങ്കിലും പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് നയം പുറത്തിറക്കിയപ്പോൾ തന്നെ അത് പാലിക്കപ്പെടില്ലെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ രാജ്യത്തെ എയർ ഹോസ്റ്റസുമാരുടേയും ഫാഷൻ ഡിസൈനർമാരുടേയും സ്ഥിതി ഇതിലും പരിതാപകരമാണ് എന്നാണ് വ്യക്തമാകുന്നത്.

ജോലികളിൽ നിന്ന് ഒളിവിൽ കഴിയുകയാണ് അഫ്ഗാൻ എയർലൈൻസായ അരിയാനയിലെ എയർ ഹോസ്റ്റസും അഫ്ഗാനിലെ ഫാഷൻ ഡിസൈനർമാരുമടങ്ങുന്ന 11 പേർ. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കിയ രാത്രി ഒരു കാളരാത്രി ആയിരുന്നെന്നും സിനിമകളിൽ പോലും അത്തരത്തിലൊരു സംഭവം കണ്ടിട്ടുണ്ടാവില്ലെന്നും പെൺകുട്ടികൾ പറയുന്നു. ‘അവസാനത്തെ ഫ്‌ലൈറ്റ് താലിബാൻ പിടിച്ചെടുക്കുമ്പോൾ ഞങ്ങൾ കരയുകയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അവ്യക്തമായിരുന്നു. ഇനി എവിടേയ്‌ക്ക് പോകും എന്നും ഉറപ്പുണ്ടായിരുന്നില്ല.’ ആൾപ്പാർപ്പ് ഇല്ലാത്ത വീട്ടിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് ഇവർ ഇക്കാര്യം പറയുന്നത്.

താലിബാൻ അധികാരത്തിലെത്തി വിമാന സർവ്വീസുകൾ ഉൾപ്പെടെ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ സ്ഥിതിഗതികൾ സാധാരണയാകുന്നത് വരെ തങ്ങളോട് ജോലിയ്‌ക്ക് വരേണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇനി അവർ തങ്ങളെ തിരിച്ചെടുത്താൽ തന്നെ തങ്ങളുടെ എയർ ഹോസ്റ്റസ് യൂണിഫോം ധരിക്കാൻ സാധിക്കുമോ എന്ന് യാതൊരു ഉറപ്പും ഇല്ല. സർക്കാരിന്റെ കാറിൽ ഇരിക്കാൻ തങ്ങൾക്ക് അനുവാദം ഉണ്ടാകില്ലെന്നും പെൺകുട്ടികൾ പറഞ്ഞു.

ഒളിവിൽ കഴിയുന്നവരുടെ കൂട്ടത്തിൽ ഫാഷൻ ഡിസൈനർമാരും ഉണ്ട്. നേരത്തെ താലിബാൻ ഭരണത്തിലുണ്ടായിരുന്നപ്പോൾ വസ്ത്രങ്ങളുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹിജാബ് പോലുള്ള വസ്ത്രങ്ങൾ മാത്രമാണ് അന്ന് അനുവദിച്ചിരുന്നത്. എന്നാൽ ഇനിയും അങ്ങനെയാണ് തുടരുന്നതെങ്കിൽ ആർക്ക് വേണ്ടിയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യേണ്ടത് എന്ന് ഫാഷൻ ഡിസൈനർമാർ ചോദിക്കുന്നു. വനിതകൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. ഇനിയും അത് തുടരണമെന്ന് തന്നയാണ് ആഗ്രഹമെന്നും ഇവർ പറയുന്നു. എന്നാൽ താലിബാൻ ഭരണത്തിന്റെ കീഴിൽ ഇവർ ഇനിയും പീഡനങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.