ഹരിത വിവാദത്തില്‍ മുസ്ലിം ലീഗില്‍ വീണ്ടും സമവായത്തിന് സാധ്യത. പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റി പുനഃസ്ഥാപിക്കില്ലെങ്കിലും നടപടിക്ക് വിധേയരായവരെ പാര്‍ട്ടിയിലെ മറ്റ് ഘടകങ്ങളില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. 26ന് ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്തേക്കും.

പത്രസമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ കാര്യമായ വിമര്‍ശനങ്ങളുന്നയിക്കാതെ പ്രശ്നങ്ങള്‍ വിവരിച്ച് മടങ്ങിയ ഹരിത മുന്‍ ഭാരവാഹികളുടെ പ്രതികരണം പൊതുസമൂഹത്തില്‍ അവരുടെ പിന്തുണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ ഇരയാക്കപ്പെട്ടവരെ തഴഞ്ഞെന്ന സംസാരവും അണികള്‍ക്കിടിലുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും സമവായത്തിന് കളമൊരുങ്ങുന്നത്. ഹരിത മുന്‍ ഭാരവാഹികളുമായി ഇനി ചര്‍ച്ച വേണ്ടെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോള്‍ പൂര്‍ണ്ണമായി അവഗണിക്കുന്നത് പാര്‍ട്ടിക്ക് തന്നെ ദോഷം ചെയ്തേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പുനഃരാലോചന.

വനിതാ കമ്മിഷന്‍ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് വൈകുമെന്നതും ലീഗിന് പ്രശ്നപരിഹാരത്തിനുളള സാധ്യതയാണ്. എന്നാല്‍ അനുനയനീക്കത്തെക്കുറിച്ച് ഹരിത മുന്‍ ഭാരവാഹികളെ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല.