കേരളാ കോൺ​ഗ്രസ് നേതാവ് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പാർട്ടി എം എൽ എമാരും ഒപ്പമുണ്ടായിരുന്നു. പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ ജോസ് കെ മാണി പിന്തുണച്ചിരുന്നു. ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെതിരെയാണെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.

മയക്കുമരുന്നെന്ന വിപത്തിനെതിരെ സാമൂഹ്യ ജാഗ്രത വേണം എന്നാണ് ബിഷപ്പ് പറഞ്ഞതെന്നും ഒരു മതങ്ങളെയും ഉന്നംവച്ചല്ല ആ പ്രസ്താവനയെന്നുമാണ് ജോസ് കെ മാണി വിഷയത്തിൽ മുമ്പ് പ്രതികരിച്ചത്. മുഖ്യമന്ത്രിയും ഇടത് മുന്നണിയും പറഞ്ഞത് ഇക്കാര്യം തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

ഇതിനിടെ പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇസ്ലാം മതത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമില്ല. സമാധാനമാണ് ഉദ്ദേശിക്കുന്നത്. വ്യക്തികളിൽ തെറ്റുകൾ കാണാം. തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരാണ് ഇസ്ലാം മതം അതിനാൽ ഭിന്നിപ്പിച്ച് കലഹമുണ്ടാക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.