ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിര്‍ദ്ദേശത്തിന് തിരിച്ചടിയായി ഡിജിസിഎ റിപ്പോര്‍ട്ട്. ശബരിമല വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. വിമാനത്താവളം നിര്‍മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ശബരിമല വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാണിച്ച ഡിജിസിഎ ചെറുവള്ളി എസ്റ്റേറ്റില്‍ ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളം സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

വിമാനത്താവളത്തിന് ആവശ്യമായ റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിലുമുള്ളതെന്നും വിമാനത്താവളം നിര്‍മിച്ചാല്‍ ഇത് രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളം മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദിഷ്ട വിമാനത്താവള പരിസരത്ത് നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ശബരിമലയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും പിന്നീട് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത ആറന്മുള വിമാനത്താവളത്തിന് ശേഷം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതികളിലൊന്നാണ് ശബരിമല വിമാനത്താവളം. ഡിജിസിഎ റിപ്പോര്‍ട്ടോടെ ഇതും അടഞ്ഞ അധ്യായമാകുമെന്നാണ് കരുതുന്നത്. പദ്ധതിയെക്കുറിച്ച്‌ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പലരും വിമര്‍ശനങ്ങളുന്നയിച്ച്‌ രംഗത്തെത്തുകയും ചെയ്തിരുന്നു. പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.