ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭാ കക്ഷി നേതാവായി ദളിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നി തെരഞ്ഞെടുക്കപ്പെട്ടു. ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. നേരത്തെ സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

ചരണ്‍ജിത് സിംഗ് ചന്നി അല്‍പസമയത്തിനകം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. അരുണാ ചൗധരിയും ഭാരത് ഭൂഷണും ഉപമുഖ്യമന്ത്രിമാരാകും. ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി. നിലവില്‍ സംസ്ഥാനത്തെ ടെക്‌നിക്കല്‍ വിദ്യാഭ്യാസമന്ത്രിയായ ചരണ്‍ജിത് സിംഗ് പഞ്ചാബില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദളിതനാണ്.

ഭരണതുടര്‍ച്ചയുണ്ടാകില്ലന്നും ആംആദ്മി പാര്‍ട്ടിക്ക് സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാര്‍ട്ടി സര്‍വ്വേ അമരീന്ദര്‍ സിംഗിനെ മാറ്റാന്‍ കാരണമാവുകയായിരുന്നു. എന്നാല്‍ എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു എത്തിയതുമുതലാണ് അമരീന്ദര്‍ സിംഗ് കൂടുതല്‍ പ്രതിസന്ധിയിലായത്.

അന്‍പതോളം എംഎല്‍എമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദര്‍ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനല്‍കിയത്. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.