സ്‌കൂൾ തുറക്കുന്നതിന് മുമ്പ് വിവിധ തലങ്ങളിൽ ചർച്ച നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ കമ്മിറ്റി രൂപീകരിച്ച് രൂപരേഖ തയാറാക്കുമെന്നും സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ കൃത്യമായി തന്നെ നടത്തുമെന്നും എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സ്‌കൂൾ തുറക്കുന്നതിൽ ഉന്നത മന്ത്രിതലയോഗം ചേരും. സ്‌കൂളുകൾ പൂർണമായും അണുവിമുക്തമാക്കുകയും അറ്റകുറ്റപ്പണി പൂർത്തിയാക്കുകയും ചെയ്യും. എല്ലാ ക്ലാസ് മുറികളും അടുത്ത മാസം പതിനഞ്ചോടെ സജ്ജമാക്കുമെന്നും കുട്ടികളുടെ എണ്ണവും സമയവും ക്രമീകരിച്ച് സുരക്ഷിതത്വം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി ഫോർ എൻകൗണ്ടറിലായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ പ്രതികരണം.

സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് തീരുമാനിക്കുക. ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ഓരോ ക്ലാസുകളും പ്രവര്‍ത്തിക്കേണ്ടതെന്നും സംയുക്തയോഗത്തിലാകും തീരുമാനിക്കുക. സ്‌കൂള്‍ തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്.

നവംബര്‍ ഒന്നു മുതല്‍ ക്ലാസ് തുടങ്ങാന്‍ തീരുമാനിച്ചുവെങ്കിലും സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ അസാധ്യമാണ്. ഇതിനുള്ള ക്രമീകരണം എങ്ങനെ വേണമെന്നാണ് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കുക.

അതേസമയം സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കും. കുട്ടികളുടെ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കും. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നടക്കുക. ഓൺലൈൻ ക്ലാസുകളും സമാന്തരമായി നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.