ഡൽഹി – മുംബൈ എക്‌സ്പ്രസ് പാതയുടെ നിർമാണമികവും പുരോഗതിയും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരി നേരിട്ട് പരിശോധിക്കുന്ന ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. 170 കിലോമീറ്റർ വേഗത്തിൽ പായുന്ന വാഹനത്തിൽ പാതയിലൂടെ സഞ്ചരിച്ചാണ് ഗഡ്ക്കരി നിർമാണമികവ് വിലയിരുത്തിയത്.

മദ്ധ്യപ്രദേശിലെ രത്‌ലം ജില്ലയിലായിരുന്നു എക്‌സ്പ്രസ് പാതയുടെ ശേഷിയും നിർമാണ പുരോഗതിയും പരിശോധിക്കാൻ ഗഡ്ക്കരി എത്തിയത്. കിയ കാർണിവൽ വാഹനത്തിലായിരുന്നു സഞ്ചാരം. നിർമാണം പൂർത്തിയായ മേഖലയിലൂടെ സഞ്ചരിക്കവേ റോഡിൽ കൈവരിക്കാവുന്ന പരമാവധി വേഗതയെക്കുറിച്ചും ചർച്ച വന്നു. ഇതിനിടയിലാണ് ഇക്കാര്യം പരിശോധിക്കാൻ വാഹനം ഓടിച്ചിരുന്ന ആൾ വേഗത കൂട്ടിയത്.

ആദ്യം 120 ലേക്കും പിന്നീട് 170 കിലോമീറ്റർ വേഗത്തിലേക്കും വാഹനം എത്തുന്നത് വീഡിയോയിൽ കാണാം. എത്രയാണ് ഇപ്പോൾ വേഗതയെന്നും ഓരോ ഘട്ടത്തിലും ഗഡ്ക്കരി അന്വേഷിക്കുന്നുണ്ട്. മൂന്ന് ദിവസങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടത്. രാജ്യം ഏറെ കാത്തിരിക്കുന്ന എക്‌സ്പ്രസ് പാതയിലൂടെ മന്ത്രി നടത്തിയ ട്രയൽറൺ ആവേശം നിറയ്‌ക്കുന്ന പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിലും ഉണ്ടാക്കുന്നത്.

ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഡൽഹി- മുംബൈ അതിവേഗ പാത 1350 കിലോമീറ്റർ ദൈർഘ്യമുളളതാണ്. ഡൽഹിയും മഹാരാഷ്‌ട്രയും കൂടാതെ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.

നിലവിൽ എട്ട് വരിപ്പാതയാണുളളത്. ഭാവിയിൽ ഇത് 12 വരിയാക്കി വികസിപ്പിക്കാം. എട്ട് വരിയിൽ നാലെണ്ണം ഇലക്ട്രിക് വാഹനങ്ങൾക്കായി മാത്രം നിശ്ചയിച്ചിട്ടുളളതാണ്. ഇലക്ട്രിക് ട്രക്കുകൾക്കും ബസുകൾക്കും 120 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ കഴിയും. മികച്ച ഇന്ധനക്ഷമതയ്‌ക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനുളള ചിലവ് കുറയ്‌ക്കാനും പാത സഹായിക്കും.