കർഷക പ്രക്ഷോഭം തുടരുന്ന സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ബഹിഷ്‌ക്കരിച്ച് കർഷക സംഘടനകൾ. ഉന്നതാധികാര സമിതിയുമായി ചർച്ച നടത്താനുള്ള ഹരിയാന സർക്കാരിന്റെ ക്ഷണം സംയുക്ത കിസാൻ മോർച്ച നിരസിച്ചു.

ഡൽഹിയിലെയും ഹരിയാനയിലെയും പൊലീസാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. പ്രദേശവാസികളുടെ സഞ്ചാരത്തിനായി റോഡുകളുടെ ഒരു വശം നേരത്തെ തന്നെ കർഷകർ തുറന്ന്‌ കൊടുത്തിരുന്നു. ജനത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ഗതാഗത സൗകര്യമുണ്ടെന്നും കർഷക നേതാക്കൾ പറയുന്നു.

കർഷക സംഘടനകളുടെ നിലപാടിനെ തുടർന്ന് ഹരിയാനയിലെ സോനിപത്തിൽ നിശ്ചയിച്ച യോഗം മാറ്റി. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നും, ഗതാഗത പ്രശ്നത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരമുണ്ടാക്കണമെന്നും സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കർഷക സംഘടനകളുമായി ചർച്ച നടത്താൻ അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതാധികാര സമിതി ഹരിയാന സർക്കാർ രൂപീകരിച്ചത്. കഴിഞ്ഞ നവംബർ 27നാണ് ഡൽഹി അതിർത്തിയിലെ സിംഗുവിൽ കർഷക പ്രക്ഷോഭം ആരംഭിച്ചത്.