ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട് ഏറെ ഗുണങ്ങള്‍ ഉള്ള ഈ പച്ചക്കറി ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും വളരെ നല്ലതാണ്. മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ന്‍ എന്നിവയുടെ നല്ല ഉറവിടമാണിത്. ശരീരത്തില്‍ വച്ച്‌ ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാല്‍ ഉയര്‍ന്ന അളവില്‍ അത് മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്നതിനാല്‍ ബീറ്റ്റൂട്ട് ഉപഭോഗത്തിനുശേഷം മൂത്രം രക്തം കലര്‍ന്ന നിറത്തിലാകും.

ഇത് സന്ദേഹമുണ്ടാക്കാമെങ്കിലും അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു. ഇതിലെ ബീറ്റാനിന്‍ കരളില്‍ പലവിധകാരണങ്ങളാല്‍ (മദ്യപാനം, പ്രമേഹം) കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇതിലെ ഉയര്‍ന്ന നൈട്രേറ്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. 500 മി.ലി.ബീറ്റ്റൂട്ട് കഴിച്ചാല്‍ ഒരു മണിക്കൂറിനകം രക്തസമ്മര്‍ദ്ദം കുറയുന്നു.ചിലയിനം ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ബീറ്റാനിന്‍ ചുവന്ന ഭക്ഷ്യവര്‍ണ്ണവസ്തുവുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വൈനുണ്ടാക്കാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം.

ചര്‍മ്മസംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് വരണ്ട ചര്‍മ്മം അകറ്റാന്‍ നല്ലതാണ്. കൂടാതെ മുഖത്തെ ചുളിവുകളും, കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖക്കുരു എന്നിവ മാറാനും ഇത് ഉപയോഗിക്കാം.

ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഒരുമിച്ച്‌ മിക്സ് ചെയ്ത് മുഖത്തിടുക. അതിന് ശേഷം നല്ല പോലെ 10 മിനിറ്റ് മസാജ് ചെയ്യുക. പിന്നീട് ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുന്നത് വളരെ നല്ലതാണ്.