തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്കായി സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ പുതിയ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയില്‍ നിന്നു കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സീന്‍ സംരക്ഷണം നല്‍കും. യൂണിവേഴ്സല്‍ ഇമ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ (പിസിവി) ആണു നല്‍കുന്നത്.

ഒന്നര മാസം, മൂന്നര മാസം, 9 മാസം എന്നീ പ്രായക്കാര്‍ക്കായി 3 ഡോസ് വാക്‌സീനാണു നല്‍കുന്നത്. മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനവും ആരംഭിച്ചു. ന്യുമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയില്‍ നിന്നു കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സീന്‍ സംരക്ഷണം നല്‍കും.

രോഗം ഗുരുതരം, ചികിത്സ ചെലവേറും
5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിനു പ്രധാന കാരണം ന്യുമോകോക്കല്‍ ന്യുമോണിയ ആണെന്നു കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ രൂപമാണ് ഇത്. ചുമ, കഫക്കെട്ട്, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണു ലക്ഷണങ്ങള്‍. അസുഖം കൂടിയാല്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുണ്ടാകാം. ചികിത്സാച്ചെലവും കൂടുതലാണ്.