കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര ഫണ്ട് ലഭ്യമാക്കുമെന്ന് സുരേഷ് ഗോപി എംപി. സാംസ്കാരിക ടൂറിസം മന്ത്രിയുമാരുമായും, ധനമന്ത്രിയുമായും ഇക്കാര്യം ചർച്ച ചെയ്യും. കലാമണ്ഡലം വൈസ് ചാൻസലർ ടി കെ നാരായണനുമായി സുരേഷ് ഗോപി കൂടിക്കാഴ്ച്ച നടത്തി.

കലാമണ്ഡലം കല്പിത സർവകലാശാല യുടെ പശ്ചാത്തല വികസനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് നീക്കം. കലാ അധ്യയനവും ടൂറിസവും ഒരുപോലെ പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. വള്ളത്തോളിന്റ്റെ കാലം മുതൽ കലാമണ്ഡലം ഏറ്റെടുത്ത ദൗത്യത്തിന്റെ പൂർത്തീകരണത്തിന് പരമാവധി ശ്രമിക്കുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.

വിസി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം മനസിൽ കുറിച്ചിട്ടുണ്ടെന്നും ഇവിടെന്ന് പേപ്പറായി തന്റെ അടുക്കൽ നിർദേശങ്ങൾ എത്തുന്ന മുറയ്ക്ക് അത് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നതായി വൈസ് ചാൻസലർ ചാൻസലർ ടി കെ നാരായണൻ പ്രതികരിച്ചു. കലാമണ്ഡലത്തിലെത്തിയ സുരേഷ് ഗോപി കൂത്തമ്പലവും അനുബന്ധ കെട്ടിടങ്ങളും സന്ദർശിച്ചു.