ന്യൂസീലൻഡ് പര്യടനം റദ്ദായതിലുള്ള ദേഷ്യം ടി-20 ലോകകപ്പിലേക്ക് വഴിതിരിച്ചു വിടാനാവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് പരിമിത ഓവർ പര്യടനത്തിൽ നിന്ന് ന്യൂസീലൻഡ് പിന്മാറിയതിനു പിന്നാലെയാണ് പിസിബി ചെയർമാൻ താരങ്ങളെ അഭിസംബോധന ചെയ്തത്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ റമീസ് രാജ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി. “നിങ്ങളുടെ ദേഷ്യം പ്രകടനത്തിന് പ്രചോദനമാക്കുക. ലോകകപ്പിൽ നന്നായി പ്രകടനം നടത്താൻ ശ്രമിക്കുക. നിങ്ങൾ ലോകോത്തര ടീമായാൽ ആളുകൾ നിങ്ങൾക്കെതിരെ കളിക്കാൻ വരിനിൽക്കും. ഇതിൽ നിന്ന് നിങ്ങൾ പാഠം ഉൾക്കൊള്ളണം.

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉണ്ടായിരുന്നത്. പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ് താരങ്ങൾ ഇന്ന് നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം.

മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി ന്യൂസീലൻഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതൽ വിവരിക്കാനില്ലെന്നും ബോർഡ് വ്യക്തമാക്കി.

പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡിനെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റമീസ് രാജ മുന്നറിയിപ്പ് നൽകിയത്.

ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറാനൊരുങ്ങുന്നുകയാണ്. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഏറെ വൈകാതെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുക്കും. ഇംഗ്ലണ്ട് കൂടി പിന്മാറിയാൽ തങ്ങളുടെ ഹോം മത്സരങ്ങൾക്കുള്ള വേദി വീണ്ടും യുഎഇയിലേക്ക് മാറ്റാൻ പിസിബി നിർബന്ധിതരാവും.