സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറിൽ. മൾട്ടിപ്പിൾ ചോയ്സ് ഒപ്റ്റിക്കൽ മാർക്ക് റെക​ഗ്നിഷൻ (MCQ-OMR) ചോദ്യ പേപ്പറുകൾ ഉപയോഗിച്ചാകും പരീക്ഷ നടത്തുക.

പരിക്ഷയുടെ ദൈർഘ്യം 90 മിനിറ്റാകും. ഓൺലൈൻ പരീക്ഷ സാധ്യമല്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. ആദ്യ ടേമിൽ ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. രണ്ട് ടേമുകളായാണ് ഈ അധ്യായന വർഷത്തെ സി.ബി.എസ്.ഇ വിഭജിച്ചിട്ടുള്ളത്. രണ്ടാം ടേം പരീക്ഷ 2022 മാർച്ച്- ഏപ്രിൽ മാസങ്ങളിലാകും നടക്കുക.

അതിനിടെ, പത്താം ക്ലാസ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കാൻ സിബിഎസ്ഇ സ്കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്സൈറ്റിലെ ഇ-പരീക്ഷ പോർട്ടലിൽ കയറി പട്ടിക സമർപ്പിക്കാം.

അതേസമയം, കേരളത്തിൽ പ്ലസ് വൺ പരീക്ഷ തീയതി സംബന്ധിച്ച് തീരുമാനമായി. ഈ മാസം 24 മുതൽ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഈ മാസം 24 ന് തുടങ്ങുന്ന പരീക്ഷ ഒക്ടോബർ പതിനെട്ടിനായിരിക്കും അവസാനിക്കുക. വിഎച്ച്എസ്ഇ പരീക്ഷ ഈ മാസം 24 ന് തുടങ്ങി ഒക്ടോബർ പതിമൂന്നിന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷ നടക്കുക. ഓരോ പരീക്ഷകൾക്ക് ഇടയിലും ഒന്ന് മുതൽ അഞ്ച് ദിവസത്തെ ഇടവേളയുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക.

പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രിംകോടതി അനുമതി നൽകിയിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടൽ. പരീക്ഷകൾ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രിംകോടതി തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടത്