ഫിഫ പുരുഷ വിഭാഗം ഫുട്ബോള്‍ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന് മുന്നേറ്റം. നാലാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് പുതിയ റാങ്കിങ്ങില്‍ നിലവിലെ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്തി. 1755.44 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്.

 

യൂറോ കപ്പില്‍ ഫൈനലിലെത്തിയതാണ് ഇംഗ്ലണ്ടിന് ഗുണം ചെയ്തത്. എന്നാല്‍ യൂറോയില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായത് ഫ്രാന്‍സിന് റാങ്കിങ്ങില്‍ തിരിച്ചടിയായി. അതെ സമയം യൂറോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡെന്‍മാര്‍ക്ക്‌ ആദ്യ പത്തിലെത്തിയത് ഇത്തവണത്തെ റാങ്കിങ്ങില്‍ എടുത്തുപറയേണ്ട മുന്നേറ്റമാണ്. 1658.49 പോയിന്റുമായാണ് ഡെന്‍മാര്‍ക്ക്‌ പത്താം സ്ഥാനത്ത് നില്‍ക്കുന്നത്. ലോക റാങ്കിങ്ങില്‍ 1832.33 പോയിന്റുമായി ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം റാങ്കിലുള്ള ബ്രസീലിന് 1811.73 പോയിന്റാണുള്ളത്. ഇറ്റലി, അര്‍ജന്റീന ടീമുകള്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്ത് തുടരുന്നു. ആദ്യ പത്തില്‍ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയ മറ്റൊരു ടീം പോര്‍ച്ചുഗലാണ്. സ്പെയിനിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോര്‍ച്ചുഗല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. മെക്സിക്കോയാണ് ഒന്‍പതാം സ്ഥാനത്തുള്ളത്. മുന്‍ ലോക ചാമ്ബ്യന്മാരായ ജര്‍മനി റാങ്കിങ്ങില്‍ 14 ആം സ്ഥാനത്താണുള്ളത്. 1181.45 പോയിന്റുള്ള ഇന്ത്യ റാങ്കിങ് പട്ടികയില്‍ ഒരു സ്ഥാനം നഷ്ട്ടപ്പെട്ട് 107 ആം സ്ഥാനത്താണുള്ളത്.