ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ വിനോദ സഞ്ചാരത്തിന് തുടക്കമിട്ട സ്പേസ് എക്സ് ഇനി ഹോളിവുഡും ഉപയോഗിക്കും. എലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് യാത്രയുടെ വിജയമാണ് ബഹിരാകാശത്തുതന്നെ സിനിമ ഷൂട്ടിംഗ് എന്ന ആശയത്തിലേക്ക് എത്തുന്നത്. നിലവില്‍ ബഹിരാകാശത്തുള്ള നാല് സഞ്ചാരികളുമായി വിഖ്യാത നടന്‍ ടോം ക്രൂയിസ് നടത്തിയ സംഭാഷണത്തിനിടെയാണ് ആശയം ഉരുത്തിരിഞ്ഞത്. അമേരിക്കയിലെ സമയം വൈകിട്ട് 4 മണിയോടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്‌പേസ് എക്‌സ് ക്യാപ്‌സൂള്‍ ഇറങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

യാത്രനടത്തിയവര്‍ ടോം ക്രൂയിസുമായി അവരുടെ തയ്യാറെടുപ്പ് മുതലുള്ള നിരവധി അനുഭവങ്ങളാണ് ബഹിരാകാശത്തിരുന്നുകൊണ്ട് പങ്കുവെച്ചത്. യാത്രികരായ ജാറെഡ് ഐസക്മാന്‍, സിയാന്‍ പ്രോക്ടര്‍,ഹെയ്‌ലേയ് ആഴ്‌സനെക്‌സ്, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് ടോം ക്രൂയിസുമായി സംസാരിച്ചത്. ബഹിരാകാശത്തു നിന്നും ഭൂമിയെ കാണുമ്ബോഴുള്ള അനുഭൂതിയും അത്ഭുതവുമാണ് അവര്‍ പങ്കുവെച്ചത്. ഒപ്പം ശാരീരികമായ അനുഭവപ്പെടുന്ന പ്രത്യേകതകളും വിശദീകരിച്ചു.

ഒരു വിദഗ്ധനായ ബഹിരാകാശ സഞ്ചാരിയില്ലാതെ യാത്രചെയ്യുന്ന ആദ്യ സംഘമെന്ന നിലയില്‍ സ്‌പേസ് എക്‌സ് മിഷന്‍ ഏറെ പ്രത്യേകത നിറഞ്ഞതാണ്. സ്‌പേസ് എക്‌സ് മിഷന്‍ തുടക്കം കുറിച്ചിരിക്കുന്നത് അനന്തമായ സാദ്ധ്യതകള്‍ക്കാണെന്ന് ടോം ക്രൂയിസ് പറഞ്ഞു. മണിക്കൂറില്‍ 28,162 കിലോമീറ്റര്‍ വേഗതയിലാണ് സ്‌പേസ് എക്‌സ് വാഹനം സഞ്ചരിച്ചു കൊണ്ടിരുന്നത്.