തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ യോഗം പരിഗണിക്കും. വൈകുന്നേരം 3.30നാണ് യോഗം. ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരും. മറ്റിടങ്ങളില്‍ ഹോട്ടലുകള്‍ക്ക് ഇളവുകള്‍ അനുവദിച്ചേക്കും.

രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളില്‍ തുടരുകയാണെങ്കിലും തിയേറ്ററുകള്‍ തുറക്കണമെന്നും ബസുകളില്‍ നിന്ന് യാത്രചെയ്യാന്‍ അനുമതി നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ നിലവിലുണ്ട്.

സംസ്ഥാനത്ത് ഇരുപതിനായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആളുകള്‍ക്ക് ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം ഇത് അനുവദിച്ചേക്കില്ല.

എന്നാല്‍ കടകളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നത് ആലോചനയിലാണ്. നിലവില്‍ ഒന്‍പതുമണി വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഡുകളുടെ അടച്ചിടല്‍ തുടരണമോ എന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യും.