അന്തരിച്ച കെ.ആർ വിശ്വംഭരൻ ഐ.എ.എസ് മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. മമ്മൂട്ടിയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു സുഹൃത്ത്. ഗുരുതരാവസ്ഥയിൽ അദ്ദേഹം ആശുപത്രി കിടക്കുമ്പോൾ അദ്ദേഹത്തെ നേരിൽ കാണാനും മമ്മൂട്ടി എത്തിയിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂട്ടി അത്രമാത്രം ചേർത്തു നിർത്തി സൗഹൃദങ്ങളിൽ ഏറ്റവും പ്രധാനിയായിരുന്നു വിശ്വംഭരൻ. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് കുര്യാക്കോസാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

” ഡാ ജിൻസെ, എന്റെ കയ്യിൽ 100പുത്തൻ സ്മാർട്ട്‌ ഫോൺ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല.. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്…. ” എന്നോട് ഇങ്ങനെ പറഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ്‌ ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ… മമ്മൂക്കയെ “ഡാ മമ്മൂട്ടി ” എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ… ഞങ്ങളുടെ കെയർ ആൻഡ് ഷെയറിന്റെ ഒരു ഡയറക്ടർ!!! സാർ വിട

ഔഷധി ചെയർമാനും കാർഷിക വാഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. കെ ആർ വിശ്വംഭരൻ അന്തരിച്ചു. 70 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി ടെൽക്, റബർ മാർക്കറ്റിങ് ഫെഡറേഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, കേരള ബാങ്ക് ആന്റ് പബ്ലിഷിങ് സൊസൈറ്റി എന്നിവയുടെ എംഡിയായും പൊതുവിദ്യാഭ്യാസ ഡയറക്ടർ, സ്‌പോട്‌സ് ഡയറക്ടർ, സ്‌പോട്‌സ് കൗൺസിൽ സെക്ട്രട്ടറി എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്നു