കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരില്‍ 18 വയസ്സ് തികഞ്ഞ മുഴുവനാളുകള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന ആദ്യത്തെ കോര്‍പ്പറേഷനായി ഇതോടെ കണ്ണൂര്‍ മാറിയെന്നും മേയര്‍ അറിയിച്ചു.കിടപ്പു രോഗികള്‍ക്കും വാക്‌സിന്‍ നിഷേധിക്കുന്നവരുമായ ഒരു ചെറിയ വിഭാഗം മാത്രമേ ഇനി പ്രതിരോധ മാര്‍ഗം സ്വീകരിക്കാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ ബാക്കിയുള്ളൂ. ഇവരും ഉടന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുമെന്ന് പ്രതിക്ഷിക്കുന്നതായി മേയര്‍ പറഞ്ഞു.

ഇതിനോടൊപ്പം 52 ശതമാനം പേര്‍ കോര്‍പറേഷന്‍ പരിധിയില്‍ രണ്ടാം വാക്‌സിനും സ്വികരിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ വാക്‌സിന്‍ നല്‍കേണ്ട 157265 പേരില്‍ കോവിഡ് ബാധിച്ചു 90 ദിവസം തികയാത്തവരും, വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവരും ഒഴികെയുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കിക്കൊണ്ടാണ് കോര്‍പ്പറേഷന്‍ ലക്ഷ്യം കൈവരിച്ചത്.

കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാര്‍ക്ക് പുറമേ കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍,ഓട്ടോഡ്രൈവര്‍മാര്‍,മോട്ടോര്‍ തൊഴിലാളികള്‍,ചുമട്ട് തൊഴിലാളികള്‍,ബാര്‍ബര്‍- ബ്യൂട്ടീഷന്മാര്‍, പെട്രോള്‍ പമ്ബ് ജീവനക്കാര്‍, വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍തുടങ്ങി നിരവധി പേര്‍ക്ക് ഈ കാലയളവില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവര്‍ക്കായി ഒരു അവസരം കൂടി നല്‍കുന്നതിനുവേണ്ടി ജൂബിലി ഹാളിലും വിവിധ പി എച്ച്‌ സി കളിലും വാക്‌സിനേഷന്‍ ക്യാമ്ബ് ഒരുക്കിയിട്ടുണ്ട്.ഇക്കാര്യം വിവിധ പത്ര- ദൃശ്യ- ഓണ്‍ലൈന്‍ -സമൂഹ മാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണിയിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ കുറെ മാസങ്ങളായി സമ്ബൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ദിവസംതോറും ആയിരക്കണക്കിന് പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്ന ജൂബിലി ഹാളിലെ വാക്‌സിനേഷന്‍ ക്യാമ്ബ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെച്ചെങ്കിലും കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമായും, ആരോഗ്യവകുപ്പുമായും നിരന്തരം ഇടപെട്ടതിന്റെ ഫലമായി ജൂബിലി ഹാളില്‍ വാക്‌സിനേഷന്‍ ക്യാമ്ബ് പുനഃസ്ഥാപിക്കുന്നതിനുവേണ്ടി അധികൃതര്‍ തയാറായി. ഇതിനായി കലക്ടറേറ്റിനു മുന്നില്‍ കൗണ്‍സിലര്‍മാര്‍ ധര്‍ണ വരെ നടത്തുകയുണ്ടായി.

ഇതൊക്കെ ചെയ്തത് പൊതു നന്മ ലക്ഷ്യമാക്കി മാത്രമാണ്.കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരെ മുഴുവന്‍ കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കുക എന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്.അത് അംഗീകരിച്ച്‌ കൊണ്ട് ആവശ്യമായ വാക്‌സിന്‍ അനുവദിക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യവകുപ്പും തയ്യാറായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

അതോടൊപ്പം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പി എച്ച്‌ സി യിലെ ജീവനക്കാര്‍, സ്വകാര്യ ആശുപത്രികളിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍,ആശാ വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍,ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ വളണ്ടിയര്‍മാര്‍,ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിന് സഹായിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ തുടങ്ങി മുഴുവന്‍ ആളുകളുടെയും പിന്തുണ തീര്‍ച്ചയായും ഈ നേട്ടത്തിന് പിന്നിലുണ്ട്.

കോവിഡെന്ന മഹാമാരിയെ നേരിടുന്നതിന് ജനങ്ങളെ പ്രതിരോധ സജ്ജരാക്കുന്നതിനും ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന ങ്ങളുമായി കോര്‍പ്പറേഷന്‍ ഇനിയും മുന്നോട്ടുപോകുമെന്നും ഇതിന്റെ സന്തോഷം പങ്ക് വെക്കുന്നതിനായി ഇന്ന് രാവിലെ ജൂബിലി ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന്‍ സന്ദര്‍ശനം നടത്തി. മേയര്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷം പങ്ക് വെച്ചുവെന്നും മേയര്‍ ടി.ഒ.മോഹനന്‍ അറിയിച്ചു.