മുംബൈ: ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് (ടിആര്‍പി) അഴിമതി കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് മഹാരാഷ്ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായി സര്‍വീസില്‍ നിന്നു പുറത്താക്കപ്പെട്ട മുംബൈ പോലീസ് ഓഫിസര്‍ സച്ചിന്‍ വാസ്. എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റിനു നല്‍കിയ മൊഴിയിലാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്യാന്‍ ഗൂഢാലോചന നടന്നെന്ന് വാസ് വെളിപ്പെടുത്തിയത്. ടിആര്‍പി കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ടെലിവിഷന്‍ സ്റ്റുഡിയോ ഇന്റീരിയര്‍ ചെയ്ത ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണാബ് അറസ്റ്റ് ചെയ്യപ്പെട്ടതും പിന്നീട് ജാമ്യം ലഭിച്ചതും.

ടിആര്‍പി അഴിമതി കേസ് ഉള്‍പ്പെടെ വിവിധ കേസുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തന്നെ പോലീസ് സേനയില്‍ തിരിച്ചെടുക്കുമെന്ന് ദേശ്മുഖ് ഉറപ്പുതന്നിരുന്നെന്നും വാസ് മൊഴിയില്‍ പറയുന്നു. സര്‍വീസില്‍ തിരികെ കയറിയ ശേഷം ടിആര്‍പി അഴിമതി കേസിനെ കൂടാതെ ജീവനക്കാരന്റെ ആത്മഹത്യ കേസില്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്കും ദേശ്മുഖ് തന്റെ ഓഫീസിലും വസതിയിലും നിരന്തരം വിളിച്ചിരുന്നു.

‘ടിആര്‍പി കേസില്‍ അനില്‍ ദേശ്മുഖ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാന്‍ ഏറെ ആഗ്രഹിച്ചു. ദേശ്മുഖിനും കൂട്ടാളികള്‍ക്കുമെതിരെ ആരംഭിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തുടരന്വേഷണത്തിലാണ് ഇഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് വാസ് മൊഴി നല്‍കിയത്. അഴിമതി ആരോപണങ്ങളും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ച അന്വേഷണത്തെത്തുടര്‍ന്ന് ദേശ്മുഖ് നനേരത്തേ രാജിവച്ചിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷമാണ് ദേശ്മുഖിനും കൂട്ടാളികള്‍ക്കുമെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

ദേശ്മുഖ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍, മുംബൈയിലെ വിവിധ റെസ്റ്റോറന്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും 4.7 കോടി രൂപ പിരിച്ചെടുക്കാന്‍ മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസിനെ ചുമതലപ്പെടുത്തിക്കൊണ്ട് അദ്ദേഹം തന്റെ സ്ഥാനം ദുരുപയോഗം ചെയ്തു എന്നതാണ് ഇഡിയുടെ കേസ്. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ റിപ്പബ്ലിക്കും അര്‍ണബും എന്നിവര്‍ വിജയിച്ചു. എന്നാല്‍ ഏറ്റവും പ്രധാനമായി, ജനം വിജയിച്ചു എന്നു റിപ്പബ്ലിക് ടിവി ട്വീറ്റ് ചെയ്തു.