ഏറ്റവും വൃത്തികെട്ട തക്കാളിക്ക് സമ്മാനം; സ്പെയ്ന്‍ കര്‍ഷകര്‍ നടത്തുന്ന വിചിത്ര മത്സരം ശ്രദ്ധ നേടുന്നുപ്രശസ്ത ബോളിവുഡ് ചിത്രം സിന്ദഗി നാ മിലേഗി ദൊബാരയിലെ പ്രധാന കഥാപാത്രങ്ങള്‍ സ്പെയിനിലെ ലാ ടൊമാറ്റിന ഫെസ്റ്റിവല്‍ ആസ്വദിക്കുന്ന രംഗം നമ്മുക്ക് സുപരിചിതമാണ്. സ്പെയിനിലെ പ്രധാന കാര്‍ഷിക വിഭവങ്ങളില്‍ ഒന്നാണ് തക്കാളി. എന്നാല്‍ സ്പെയിനില്‍ നിന്നുള്ള വിചിത്ര മത്സരമാണ് ഇപ്പോള്‍ ലോക ശ്രദ്ധ നേടുന്നത്.

അത് മറ്റൊന്നുമല്ല സ്പെയിനിലെ ഏറ്റവും വൃത്തികെട്ട തക്കാളിക്ക് സമ്മാനം ലഭിക്കുന്ന മത്സരമാണിത്. തീര്‍ത്തും കൗതുകം നിറഞ്ഞ ഈ മത്സരത്തില്‍ ഇവിടുത്തെ തക്കാളി കര്‍ഷകരാണ് തങ്ങളുടെ ഏറ്റവും മോശം തക്കാളിക്കായി വാശിയോടെ മത്സരിക്കുന്നത്. സ്പെയിനിലെ നവാരെ മേഖലയിലെ കര്‍ഷകര്‍ ഏറ്റവും വൃത്തികെട്ട തക്കാളി തേടിയുള്ള മത്സരത്തില്‍ പങ്കെടുത്ത വീഡിയോ നൗ ദിസ് എന്ന പരിപാടി ചൊവ്വാഴ്ച പുറത്ത് വിട്ടു. ഈ മത്സരത്തില്‍ പ്രധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്ന തക്കാളി മര്‍മാണ്ടെ ഇനത്തില്‍ പെടുന്നതാണ്, അവ തുഡെലയുടെ വൃത്തികെട്ട തക്കാളി എന്നും അറിയപ്പെടുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 12നാണ് കര്‍ഷകര്‍ അവരുടെ ഏറ്റവും വൃത്തികെട്ട തക്കാളിയുമായി ഉയര്‍ന്ന സമ്മാനം നേടാന്‍ വന്നത്. മര്‍മന്‍ഡെ വിഭാഗത്തില്‍പ്പെട്ട തക്കാളികളാണ് മത്സരത്തില്‍ മുന്നിട്ടുനിന്നത്.മത്സരത്തിന്റെ പ്രധാന പ്രത്യേകത എന്തെന്നാല്‍ ഈ തക്കാളികള്‍ ഒന്നും തന്നെ മത്സരത്തിനുവേണ്ടി മനപ്പൂര്‍വ്വം തയാറാക്കുന്നതല്ല എന്നതാണ്. ‘കാലാവസ്ഥയും കീടങ്ങളും വൃത്തികേടാക്കിയ തക്കാളികളെയാണ് മത്സരിപ്പിക്കുന്നത്. ഇവയില്‍ മിക്കതും കൃത്യമായ രീതിയില്‍ പരാഗണം നടക്കാതെ വൃത്തികേടായി പോയവയാണ്.

തക്കാളി വൃത്തികെട്ടതായി വരാനുള്ള കാരണം ചില തേനീച്ചകളാണ്. തേനീച്ച സാധാരണയായി പൂമ്ബൊടി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകും, എന്നിരുന്നാലും, ആ പ്രക്രിയ സുഗമമായി നടക്കാത്തപ്പോള്‍, തക്കാളി വൃത്തികെട്ട ആകൃതിയില്‍ വളരുന്നു,” കര്‍ഷകനും മത്സരാര്‍ത്ഥിയുമായ സാന്റോസ് മാര്‍ട്ടിനെസ് റോയിട്ടേഴ്സിനോട് പറഞ്ഞു.”വൃത്തികെട്ട തക്കാളി മനപ്പൂര്‍വ്വം വളര്‍ത്തിയതല്ലെന്നും അത് അങ്ങനെ തന്നെയാണ് വളര്‍ന്നത്, ഒരു വൃത്തികെട്ട ബാച്ച്‌ തക്കാളി ആകസ്മികമായി പുറത്തുവന്നു, അത് ഞങ്ങളെ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചു,” ഈ വര്‍ഷത്തെ മത്സര വിജയികളായ മാരിസോളും വിന്‍സെന്റ് മാര്‍ട്ടിനസും റോയിട്ടേഴ്സിനോട് പറഞ്ഞു.സ്പെയിനിലെ തക്കാളി ഫെസ്റ്റിവല്‍ ലോകത്തെ ഏറ്റവും വലിയ വിനോദങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് തക്കാളി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ‘ലാ ടൊമാടിനാ’ എന്നാണ് ഫെസ്റ്റിവല്ലിന്റെ യഥാര്‍ത്ഥ പേര്.