കൊല്ലം മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്.
ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ബാങ്ക് സെക്രട്ടറി ബന്ധുക്കള്‍ക്ക് വഴി വിട്ട് ഒരു കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി.

ബാങ്കിലെ മുന്‍ ജീവനക്കാര്‍ക്കുള്ള പങ്ക് അന്വേഷിക്കാനും ഉത്തരവിട്ടു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറാണ് ഉത്തരവിട്ടത്. നേരത്തെ നിരവധി ആളുകള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തിന് അധികൃതര്‍ തയാറായിരുന്നില്ല. സംഭവം വിവാദമായതോടെയാണ് സഹകരണവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാന്‍ നിയമനിര്‍മ്മാണം ഉടനെന്ന് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു. ക്രമക്കേട് എവിടെ നടന്നാലും ശക്തമായ നടപടി ഉണ്ടാകും. ഒരു നിക്ഷേപകനും പണം നഷ്ടപ്പെടില്ല. തട്ടിപ്പ് തടയുന്നതിനായി ഏകീകൃത സോഫ്റ്റ്വെയര്‍ അടക്കമുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും സഹകരണമന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു .

മയ്യനാട് സഹകരണ ബാങ്കില്‍ 5 ലക്ഷം രൂപ വിലവരുന്ന ഭൂമി ഈട് വാങ്ങി ബാങ്ക് സെക്രട്ടറി 30 ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് തൊട്ടുപിന്നാലെ സെക്രട്ടറിയുടെ 4 ബന്ധുക്കളുടെ പേരിലായി 40 ലക്ഷം രൂപ വേറെയും വായ്പ അനുവദിച്ചുവെന്നും പരാതിയുണ്ട്. ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.