ന്യൂയോർക്ക് ∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ഭരണസമിതിയായ സഭാ കൗൺസിലിലേക്ക് ( 2020 – 2023 ) റവ. ബിനു ജെ.വർഗീസ്, ജോൺ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടതായി ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.

മാർത്തോമ്മാ ചർച്ച് ഓഫ് ഗ്രേയ്റ്റർ സിയാറ്റിൽ ഇടവകാംഗമായ കുമ്പനാട് സ്വദേശി ജോൺ ടൈറ്റസ് കഴിഞ്ഞ അൻപത് വർഷമായി അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നു. പ്രമുഖ എയർക്രാഫ്ട് മെയിന്റനസ് കമ്പനിയുടെ ഉടമയും, ഹോട്ടൽ വ്യവസായിയുമാണ്. ഭാര്യ കുസുമം ടൈറ്റസ് മുൻ സഭാ കൗൺസിൽ അംഗമായിരുന്നു.

സണ്ണി എബ്രഹാം ഫിലാഡൽഫിയ മാർത്തോമ്മ ഇടവകാംഗവും, മുൻ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കൗൺസിൽ അംഗവും, അനേക വർഷമായി ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക എക്യൂമെനിക്കൽ രംഗങ്ങളിൽ പ്രമുഖനാണ് മല്ലപ്പള്ളി സ്വദേശിയായ സണ്ണി എബ്രഹാം.

റവ.ബിനു ജെ. വർഗീസ് ലണ്ടൻ സെന്റ്.ജോൺസ് ഇടവക വികാരിയും, നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ ഭാഗമായ യുകെ ആൻഡ് യൂറോപ്പ് സോണൽ സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയുമാണ്. തിരുവല്ലാ മേപ്രാൽ സ്വദേശിയാണ്.

ചേച്ചാ ജോൺ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ ഇടവകാംഗമാണ്. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സേവികാസംഘം മുൻ സെക്രട്ടറിയും, മുൻ ഭദ്രാസന കൗൺസിൽ അംഗവുമാണ്. ആതുര ശുശ്രുഷാ രംഗത്ത് വിവിധ അവാർഡുകൾ നേടിയിട്ടുണ്ട്. പുനലൂർ സ്വദേശിനിയാണ്.

ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലാംഗങ്ങൾ പോസ്റ്റൽ ബാലറ്റിലൂടെയാണ് സഭാ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് മുൻപ് വരെ വരണാധികാരിക്ക് ലഭിച്ച ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്.