പി.പി. ചെറിയാന്‍

ഓറഞ്ചുകൗണ്ടി (കലിഫോർണിയ) ∙ ഇന്ത്യൻ അമേരിക്കൻ അറ്റോർണി വിഭവു മിത്തൽ കലിഫോർണിയ സുപ്പീരിയർ കോർട്ട് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. കലിഫോർണിയ സുപ്പീരിയർ കോർട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യൻ കൂടിയാണ്, ഇന്ത്യൻ അമേരിക്കൻ അറ്റോർണിയായ വിഭവു മിത്തൽ.

കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമാണ് മിത്തലിനെ സുപ്പീരിയർ കോർട്ട് ജഡ്ജിയായി നിയമിച്ചത്. മുമ്പ് സാന്റാഅന്നായിലുള്ള യുഎസ് അറ്റോർണി ഓഫിസിൽ അസിസ്റ്റന്റ് യുണൈറ്റഡ് സ്റ്റേറ്റ് അറ്റോർണിയായിരുന്നു. പത്തുവർഷം ഫെഡറൽ പ്രൊസിക്യൂട്ടറുമായി പ്രവർത്തിച്ചിരുന്നു. ഏഷ്യൻ അമേരിക്കൻ ഫസഫിക്ക് ഐലൻഡിലും, കമ്മ്യൂണിറ്റിയിലും, സൗത്ത് ഏഷ്യൻ ബാർ ബോർഡ് മെമ്പറായും മിത്തൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിരുന്നു.

2003 ൽ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയായിൽ നിന്നും ബിഎസും, 2008 ൽ ന്യുയോർക്ക് സ്കൂൾ ഓഫ് ലൊയിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

ഇന്ത്യൻ അമേരിക്കൻ വിഭവു മിത്തലിന്റെ പുതിയ സ്ഥാന ലബ്ധിയിൽ സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ അദ്ദേഹത്തെ അഭിനന്ദിച്ചു. ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച മിത്തലിന്റെ കഠിന പ്രയ്ത്നവും, ആത്മാർഥതയുമാണ് ഇത്രയും ഉയർന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടാൻ അവസരമൊരുക്കിയതെന്ന് അസോസിയേഷൻ അനുസ്മരിച്ചു.