തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ മരണങ്ങളുടെ കൃത്യമായ കണക്ക് ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതുള്‍പ്പടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ പ്രത്യേക കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചു. മുഹമ്മദ് വൈ സഫറുള്ള ചെയര്‍മാനായുള്ള പ്രത്യേക കമ്മിറ്റിയാണ് രൂപീകരിച്ചത്.

സംസ്ഥാനം കൊറോണ മരണങ്ങളുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷവും ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ കണക്കുകള്‍ കൃത്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. ഇതിനിടെയാണ് കൊറോണ ബാധിച്ച്‌ 30 ദിവസത്തിനുള്ളില്‍ മരണം ഉണ്ടായാല്‍ കൊറോണ മരണമായി അതിനെ കണക്കാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാനദണ്ഡം പുറത്ത് വന്നത്. കൊറോണ ബാധിതരായിരിക്കെ ആത്മഹത്യ ചെയ്തവരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. ഇത് വരെ രേഖപ്പെടുത്താത്ത കണക്കുകള്‍ എങ്ങനെ ശേഖരിക്കും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

മാത്രമല്ല കേരളത്തിലെ കൊറോണ മരണങ്ങളുടെ എണ്ണം സര്‍ക്കാര്‍ മൂടിവെച്ചതിന് മുകളിലേക്ക് കുത്തനെ ഉയരാനും സാധ്യതയുണ്ട്. പക്ഷെ കൊറോണ ബാധിതരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സഹായം ലഭിക്കണമെങ്കില്‍ യഥാര്‍ഥ കണക്കുകള്‍ ആവശ്യമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊറോണ മരണങ്ങളുടെ കണക്ക് സര്‍ക്കാര്‍ ശേഖരിക്കുന്നത്. ഇതുള്‍പ്പടെയുള്ള വിവര ശേഖരണത്തിനായി പ്രത്യേക കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചത്. മുഹമ്മദ് വൈ സഫറുള്ളയെ ചെയര്‍മാനാക്കി രൂപീകരിച്ച കമ്മിറ്റിയില്‍ ആരോഗ്യ വകുപ്പ് ജോ സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് അഡി ഡയറക്ടര്‍ ഡോ വി മീനാക്ഷി ദുരന്ത നിവാരണ അതോറിറ്റി മെമ്ബര്‍ സെക്രട്ടറി എന്നിവരും കമ്മിറ്റി അംഗങ്ങളാണ്. ഡേറ്റ സയന്‍സ് വിദഗ്ദരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്