നിരോധിത വസ്തുക്കൾ ജയിലിൽ കൊണ്ടുവരുന്നതിന് ജീവനക്കാർക്ക് താക്കീതുമായി സംസ്ഥാന ജയിൽ മേധാവി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച് സർക്കുലർ അയക്കും. വിയ്യൂർ ജയിലിലെ കുറ്റവാളികളുടെ ഫോൺ വിളി വിവാദമായ സാഹചര്യത്തിൽ ജയിൽ ഡി.ജി.പി. ഷെയ്ഖ് ദർവേശ് സാഹിബ് ഇന്നലെ നടത്തിയ പരിശോധനക്ക് ശേഷമാണ് തീരുമാനം.

വിയ്യൂർ സെൻട്രൽ ജയിലിലെ കുറ്റവാളികളുടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിക്കാനിരിക്കെയായിരുന്നു ഇന്നലെ ജയിൽ മേധാവിയുടെ നേരിട്ടത്തിയുള്ള പരിശോധന നടന്നത്. സെൻട്രൽ ജയിലിലെ കൂറ്റവാളികൾക്കിടയിൽ മൊബൈൽ ഫോൺ മുതൽ ലഹരി വസ്തുക്കൾ വരെ കണ്ടെത്തിയ സാഹചര്യത്തിലാണ് ജീവനക്കാർക്ക് ജയിൽ ഡിജിപി യുടെ താക്കീത്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച് സർക്കുലർ അയക്കാനാണ് തീരുമാനം. ജയിൽ അന്തേവാസികളെ ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോൾ വിശദമായ പരിശോധന നടത്താനുള്ള ജീവനക്കാർ എല്ലായിടത്തുമുണ്ട്. അന്തേവാസികളുടെ താമസയിടങ്ങൾ നിശ്ചിത സമയങ്ങളിൽ പരിശോധിക്കുകയും വേണം. എങ്കില് നിരോധിത വസ്തുക്കൾ ജയിലുകളിലുണ്ടാകില്ലെന്നായിരുന്നു ജയിൽ ഡി.ജി.പി. ഷെയ്ഖ് ദർവേശ് സാഹിബിന്റെ നിലപാട്. അതേസമയം ജയിലുകളിലെ സുരക്ഷാ പരിശോധനാ ഉപകരണങ്ങൾ കാലഹരണപ്പെട്ടതാണെന്ന് ജയില് അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ ജയിലിനുള്ളിലേക്ക് വസ്തുക്കളെത്താതിരിക്കാൻ ജീവനക്കാർ കർശന നിലപാടെടുത്താൽ മതിയെന്നായിരുന്നു സംസ്ഥാന ജയിൽ മേധാവിയുടെ പ്രതികരണം.