ന്യൂഡല്‍ഹി: നാളെ മുതല്‍ ഡല്‍ഹിയില്‍ മേളകളും പ്രദര്‍ശനങ്ങളും അനുവദിക്കും. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) യാണ് ഉത്തരവ് ഇറക്കിയത്.

കൊറോണ രണ്ടാം തരംഗത്തിലെ ലോക്ക്ഡൗണ്‍ കാരണം തടസ്സപ്പെട്ട വാണിജ്യ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി വീണ്ടും തുറക്കാനാണ് തീരുമാനമെന്നും ഡിഡിഎംഎ അറിയിച്ചു.

നഗരത്തില്‍ ബിസിനസ്-ടു-കണ്‍സ്യൂമര്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ അനുമതിയുണ്ടെന്നും ഡിഡിഎംഎ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

എന്നാല്‍ ഇത്തരം പ്രദര്‍ശനങ്ങളും മേളകളും നടത്താന്‍ ബാങ്ക്വറ്റ് ഹാളുകളാണ് അനുവദിക്കുക. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഉടന്‍ തന്നെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ പ്രദര്‍ശനങ്ങളും മേളകളും നടത്താന്‍ അനുമതി നല്‍കൂ എന്നും ഡിഡിഎംഎ അറിയിച്ചു.