ഹരിതയുടെ മുൻ ജനറൽ സെക്രട്ടറി നജ്‌മ തബ്‌ഷീറയ്ക്ക് നോട്ടീസ്. കോടതിയിൽ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നാളെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവണമെന്നാണ് നിർദ്ദേശം. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയിലാണ് നോട്ടീസ്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ഹരിത നേതാക്കൾ ആരോപിച്ചിരുന്നു.

തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചത്. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചിരുന്നു.

എന്നാൽ ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിലെ ഒരു വിഭാഗം രംഗത്ത് വന്നു. ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി എം എ സലാമിന്റെ ഇടപെടലാണെന്നും ഇവർ കത്തിൽ ആരോപിക്കുന്നു. എം എസ് എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് തീരുമാനപ്രകാരമല്ല. പികെ നവാസിനെ എതിർക്കുന്ന എം എസ് എഫിലെ ഒരു വിഭാഗമാണ് ഇപ്പോൾ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.

യോഗത്തിൽ നവാസിന്റെ ഭാഗത്ത് നിന്ന് സ്ത്രീവിരുദ്ധ പരാമര്ശമുണ്ടായിട്ടുണ്ട്. അത് പാർട്ടിക്ക് നാണക്കേടുണ്ടാക്കും. ഇപ്പോൾ എടുത്തിരിക്കുന്ന നടപടിയും പാർട്ടിക്ക് അപമാനകരമാണ്. അതിനാൽ ഈ തീരുമാനവുമായി മുന്നോട്ട് പോകരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഹരിതയുടെ പരാതി കൈകാര്യം ചെയത രീതിയിലും പ്രശ്നമുണ്ടെന്നും പി എം എ സലാം വിഷയം കൈകാര്യം ചെയ്ത വഷളാക്കിയെന്നും കത്തിൽ വിമർശിക്കുന്നു.

അതേസമയം, ഹരിതയെ വിമർശിച്ച് പി.കെ. നവാസ് രംഗത്തെത്തിയിരുന്നു. പത്ത് വർഷത്തിനിടെ കലാലയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതയ്ക്ക് കഴിഞ്ഞെന്ന് പി.കെ. നവാസ് പറഞ്ഞു. ഹരിതയുടെ പത്താം വാർഷികം ഇത്തരമൊരു സാഹചര്യത്തിൽ നടത്തേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. സംഘടന ജന്മദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓർമപ്പെടുത്തേണ്ടത് മാതൃ സംഘടനയുടെ കടമയാണെന്നും പി.കെ. നവാസ് അറിയിച്ചു.