സൗദി അറേബ്യയുടെ പ്രവേശന വിലക്ക് നേരിടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ക്വാറന്റൈൻ ദിവസങ്ങൾ കുറക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പുറപ്പെടുവിച്ചു. താമസക്കാർക്കും സന്ദർശക വിസയിൽ എത്തുന്നവർക്കും ആശ്രിതർക്കും സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അനായാസമാക്കാൻ ആണ് നടപടി. കൊറോണ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തിയോ അല്ലെങ്കിൽ സൗദിയിൽ അംഗീകരിച്ച വാക്സിനുകളുടെ ഒരു ഡോസ് മാത്രം സ്വീകരിച്ചയാളോ ആണെങ്കിലും, ലോകാരോഗ്യ സംഘടനയും (WHO) സൗദി അറേബ്യയും അംഗീകരിക്കാത്ത വാക്‌സിൻ സ്വീകരിച്ചതോ അല്ലെങ്കിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച എന്നാൽ സൗദിയിൽ അംഗീകരിക്കാത്ത വാക്സിനുകളിലൊന്ന് സ്വീകരിച്ച് പ്രതിരോധശേഷിയുള്ള വ്യക്തി ആണെങ്കിലും സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിയിരിക്കണം.

സൗദിയിൽ എത്തിക്കഴിഞ്ഞാൽ ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈൻ അഞ്ച് ദിവസത്തേക്കായിരിക്കും. കൂടാതെ രാജ്യത്ത് പ്രവേശിച്ചു 24 മണിക്കൂറിനുള്ളിലും ക്വാറന്റൈനിന്റെ അഞ്ചാം ദിവസത്തിലും നിർബന്ധമായും പിസിആർ പരിശോധന നടത്തിയിരിക്കണം. തവക്കൽന ആപ്പിൽ കാണിച്ചിരിക്കുന്നതുപോലെ പിസിആർ സമയങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്. സൗദിയിൽ എടുത്ത രണ്ടാമത്തെ നെഗറ്റീവ് പിസിആർ ഫലത്തോടെ മാത്രമേ ക്വാറന്റൈൻ അവസാനിക്കുകയുള്ളു.

18 വയസ്സിന് താഴെയുള്ള കുത്തിവയ്പ് എടുക്കാത്ത ആശ്രിതർ അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾക്ക് വിധേയമായിരിക്കും. അഞ്ചാം ദിവസം PCR ടെസ്റ്റ് എടുക്കുകയും വേണം. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച എല്ലാ മുൻകരുതലുകളും നടപ്പിലാക്കുന്നതിനു പുറമേയാണിത്. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുത്തിവയ്പ് എടുക്കാത്ത ആശ്രിതർക്ക് ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈൻ നടപടിക്രമങ്ങൾ ബാധകമാണ്. സെപ്റ്റംബർ 23 ഉച്ചയ്‌ക്ക് 12 മണി മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നും ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈൻ അവസാനിച്ചതിനുശേഷം രാജ്യത്ത് ലഭ്യമായ വാക്സിനുകളുടെ ഒരു ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്നും അതോറിറ്റി അറിയിച്ചു.
യാത്രക്കാർ സൗദി അറേബ്യയിൽ എത്തുന്നതിനുമുമ്പ് “ഖുദ്ദൂം” പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈൻ സമയത്ത് കൊറോണ പോസിറ്റീവ് ആയാൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ക്വാറന്റൈൻ നടപടിക്രമങ്ങൾ പാലിക്കണം. കുത്തിവയ്പ് എടുക്കാത്ത സൗദി പൗരന്മാർ ആണെങ്കിൽ അഞ്ച് ദിവസത്തേക്ക് ഹോം ക്വാറന്റൈൻ കഴിയണം കൂടാതെ അഞ്ചാം ദിവസം PCR ടെസ്റ്റ് നടത്തുകയും വേണം.

നിലവിൽ സൗദി അറേബ്യയിൽ അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്കു മാത്രമേ എല്ലാ സ്ഥലങ്ങളിലും പ്രവർത്തനങ്ങൾ, ഇവന്റുകൾ, സർക്കാർ, സ്വകാര്യ സൗകര്യങ്ങൾ എന്നിവയിൽ പ്രവേശിക്കാനും പൊതു ഗതാഗതം ഉപയോഗിക്കാനും കഴിയൂ എന്ന് GACA വ്യക്തമാക്കി.