കേരള ബ്ലാസ്റ്റേഴ്സിലെ ആറാം വിദേശ താരം ക്രൊയേഷ്യയിൽ നിന്നെന്ന് സൂചന. 30കാരനായ പ്രതിരോധ താരം മാർകോ ലെസ്കോവിച്ച് ആവും ബ്ലാസ്റ്റേഴിൻ്റെ ആറാം വിദേശ താരമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെൻ്റർ ബാക്കായാണ് താരം കളിക്കുന്നതെങ്കിലും ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലും തിളങ്ങാൻ ലെസ്കോവിച്ചിനു കഴിയും.

ക്രൊയേഷ്യൻ ഫുട്ബോളിൽ വർഷങ്ങൾ നീണ്ട പരിചയ്സമ്പത്താണ് ലെസ്കോവിച്ചിനുള്ളത്. 2016 മുതൽ ക്രൊയേഷ്യൻ ലീഗിലെ സൂപ്പർ ക്ലബായ ഡൈനാമോ സാഗ്രെബിനായാണ് ലെസ്കോവിച്ച് കളിക്കുന്നത്. ഡൈനാമോ സാഗ്രെബിനായി 51 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം വിവിധ ക്ലബുകളിലായി ആകെ 180ഓളം മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ക്രൊയേഷ്യയുടെ വിവിധ യൂത്ത് ടീമുകൾക്കായും കളിച്ചിട്ടുള്ള താരം 2014ൽ അർജൻ്റീനയ്ക്കെതിരെ സീനിയർ ടീമിലും അരങ്ങേറി. ദേശീയ ടീമിൽ നാല് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്.

അൽവാരോ വാസ്കസ്, എനസ് സിപോവിച്, ചെഞ്ചോ ഗ്യെൽറ്റ്ഷെൻ, ജോർജെ പെരേര ഡയാസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സുമായി കരാറിലായ മറ്റ് അഞ്ച് വിദേശ താരങ്ങൾ.

അതേസമയം, ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം ഇന്നലെ പുറത്തുവന്നു. ഡിസംബർ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബർ 9ന് സീസൺ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം 9.30നാണ്. നവംബർ 27ന് കൊൽക്കത്ത ഡെർബി നടക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി 22ആം തിയതിയാണ് ആദ്യ മത്സരം നടക്കുക. എഫ്സി ഗോവയാണ് മുംബൈയുടെ എതിരാളികൾ.

നവംബർ 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടും. 28ന് ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ഡിസംബർ അഞ്ചിനാണ്. ഒഡീഷ എഫ്സിയാണ് എതിരാളികൾ. ഡിസംബർ 12ന് ഈസ്റ്റ് ബംഗാൾ, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിൻ, 26ന് ജംഷഡ്പൂർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് മത്സരങ്ങളിലെ എതിരാളികൾ.