കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം ശക്തമായ കാറ്റിലും മഴയിലും പെട്ട് മൂന്ന് പേർ അപകടത്തിപ്പെട്ട വാർത്ത നമ്മൾ എല്ലാവരും കണ്ടതാണ്. എന്നാൽ അവരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ആ കൈകൾ ആരുടേതാണ്? ധീരനായ ആ വ്യക്തിയുടെ മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രമാണ് ആ മൂന്ന് ജീവനുകൾ രക്ഷിക്കാനായത്. പറയുന്നത് മറ്റാരെയും കുറിച്ചല്ല ഈ ഒരൊറ്റ സംഭവം കൊണ്ട് കീഴൂർക്കാരുടെ ഹീറോ ആയി മാറിയ ബബീഷ് എന്ന മത്സ്യത്തൊഴിലാളിയെ പറ്റിയാണ്.

ശക്തമായ മഴയിലും കാറ്റിലും പെട്ട് വള്ളം മറിഞ്ഞ് ആർത്തിരമ്പുന്ന കടലിലേക്ക് വീഴുമ്പോൾ അവരുടെ അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കാം. എന്നാൽ പ്രതീക്ഷയറ്റ അവർക്ക് മുൻപിലേക്കാണ് ബബീഷ് സഹായ ഹസ്തം നീട്ടിയത്.

അപകട വിവരം അറിഞ്ഞ ഉടൻ ഹാർബറിലെത്തി ആർത്തലയ്ക്കുന്ന കടലിലേക്ക് എടുത്ത് ചാടിയ കിഴൂരിലെ മത്സ്യത്തൊഴിലാളിയായ ബബീഷാണ് ഇന്ന് എല്ലാവരുടെയും ഹീറോ. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ ബബീഷിന്റെ ധീരതയെ അഭിനന്ദിച്ചു.

അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ബബീഷ് തന്റെ പതിമൂന്നാം വയസ് മുതൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ പോകാൻ തുടങ്ങി. അച്ഛനാണ് ബബീഷിനെ ആദ്യമായി കടലിൽ കൊണ്ടുപോകുന്നത്.