കെ പി സി സി മുൻ ജനറൽ സെക്രട്ടറി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിട്ട അനിൽ കുമാർ സി പി ഐ എമ്മിലേക്ക് പോകുന്നതായി അറിയിച്ചു. സിപി ഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വര്ഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006 ലും 2011 ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.