പോംഗ്‌യാംഗ്: കൊവിഡിനെ തുടര്‍ന്നുണ്ടായ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസൈല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച്‌ ഉത്തര കൊറിയ. യു.എസുമായുള്ള ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം അയല്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ മിസൈലുകള്‍ 1500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉത്തര കൊറിയന്‍ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് പരീക്ഷണം നടന്നത്. വിദേശ ശക്തികളെ ചെറുക്കാന്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരകൊറിയയുടെ ഈ നടപടി,

കഴിഞ്ഞ രണ്ടു വര്‍ഷമായി ദീര്‍ഘ ദൂര ക്രൂയിസ് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ശത്രുക്കള്‍ക്കെതിരെയുള്ള തന്ത്രപ്രധാനമായ ആയുധമെന്നാണ് പുതിയ മിസൈലുകളെ ഉത്തരകൊറിയ വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ പരീക്ഷണത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യു.എസ് ഉത്തര കൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധങ്ങള്‍ക്ക് മറുപടിയായാണ് മിസൈല്‍ പരീക്ഷണങ്ങളെന്നാണ് വിലയിരുത്തല്‍. ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തിന്റെ ആണവ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ നേരത്തേ പറഞ്ഞിരുന്നു.അതേ സമയം ഉത്തര കൊറിയ ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന തരത്തിലുള്ള മിസൈല്‍ ആയുധങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുമെന്ന് അമേരിക്ക പ്രതികരിച്ചു.