ന്യൂഡല്‍ഹി:ഇസ്രയേലി ചാര സോഫ്റ്റ് വെയറായ പെഗസസ് ഉപയോഗിച്ച്‌ വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ചും അതില്‍ അന്വേഷണം ആവശ്യപ്പെട്ടും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇടക്കാല വിധി പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

പെഗസസ് ഉപയോഗിച്ച്‌ ഫോണ്‍ചോര്‍ത്തല്‍ നടത്തിയോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവര്‍ത്തിക്കുകയായിരുന്നു. രാജ്യസുരക്ഷയെ മുന്‍നിറുത്തിയാണ് വെളിപ്പെടുത്താത്തതെന്നും വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഭീകരര്‍ക്ക് സോഫ്റ്റ് വെയര്‍ തിരിച്ചറിഞ്ഞ് ചെറുക്കാന്‍ അവസരം ഒരുങ്ങുമെന്നും തുഷാര്‍ മേത്ത ബോധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് രൂപീകരിക്കുന്ന സമിതി വിഷയം പഠിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

എന്നാല്‍, ദേശീയ സുരക്ഷയെ കുറിച്ച്‌ പറയേണ്ടതില്ലെന്നും സാധാരണ പൗരന്‍മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറിയോ എന്നതാണ് അറിയേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സമിതി രൂപീകരിക്കുമോ ഇല്ലയോ എന്നത് വിഷയമല്ലെന്നും വ്യക്തമാക്കി.

നിലപാട് വ്യക്തമാക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമോ ഇല്ലയോ എന്നതാണ് ചോദ്യം. പരാതിയുമായി മാദ്ധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമടക്കം ഞങ്ങളെ സമീപിച്ചിരിക്കുകയാണ്. അവര്‍ക്ക് ഒരു മറുപടി നല്‍കിയേ മതിയാകുവെന്നും ബെഞ്ച് വ്യക്തമാക്കി.

രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വിധിയുണ്ടാകുമെന്നും ഇതിനിടെ പുനര്‍ചിന്തനമുണ്ടായാല്‍ അറിയിക്കണമെന്നും തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്ലി എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിര്‍ദേശം നല്‍കി.

അന്വേഷണം ആവശ്യപ്പെട്ട് പന്ത്രണ്ടിലേറെ ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. കേന്ദ്രത്തിന്റെ നിലപാട് ആഗസ്റ്റ് 12ന് സുപ്രീംകോടതി തേടിയിരുന്നു. പലപ്രാവശ്യം സമയം നീട്ടി ആവശ്യപ്പെട്ടശേഷം ഇന്നലെയാണ് സത്യവാങ്മൂലം സമര്‍പ്പിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

പൊരുത്തക്കേടെന്ന് ഹര്‍ജിക്കാര്‍

പെഗസസ് ഉപയോഗം സര്‍ക്കാര്‍ നിഷേധിക്കുന്നില്ലെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി . വിവരങ്ങള്‍ നിഷേധിക്കുന്നത് പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണ്.ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ പെഗസസ് ചോര്‍ത്തല്‍ അംഗീകരിച്ചുകഴിഞ്ഞു. എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതിനു കഴിയുന്നില്ലെന്ന് മാദ്ധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ എന്നിവര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആദ്യം പറഞ്ഞ കേന്ദ്രം ഇപ്പോള്‍ ഗുരുതരവിഷയമെന്ന നിലപാടിലെത്തിയതായി മാദ്ധ്യമപ്രവര്‍ത്തകനും ഫോണ്‍ചോത്തല്‍ ഇരയുമായ പരഞ്‌ജോയ് ഗുഹജ താക്കൂര്‍ത്തയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. റിട്ട. ജഡ്ജി അദ്ധ്യക്ഷനായ സമിതിയെക്കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം വാദിച്ചു.

ഹര്‍ജിക്കാര്‍

അഭിഭാഷകന്‍ എം.എല്‍. ശര്‍മ, മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍, സി.പി.എം എം.പി. ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് വിധേയരായ പരഞ്‌ജോയ് ഗുഹജ താക്കൂര്‍ത്ത, എസ്.എന്‍.എം അബ്ദി, പ്രേം ശങ്കര്‍ ഝാ, രൂപേഷ് കുമാര്‍ സിംഗ്, ഇപ്സ ശതാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ ജഗ്ദീപ് ചോക്കര്‍, നരേന്ദ്ര കുമാര്‍ മിശ്ര എന്നിവരും എഡിറ്റേഴ്സ് ഗില്‍ഡ് ഒഫ് ഇന്ത്യയുമാണ് ഹര്‍ജിക്കാര്‍