അന്തരിച്ച നടൻ റിസബാവയുടെ ഖബറടക്കം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കി. സംസ്കാരം രാവിലെ പത്തരയ്ക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചെമ്പിട്ടപളളി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

സുന്ദര വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രോക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984 ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു. 150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.

 

1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയിലാണ് റിസ ബാവയുടെ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. 1990 ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസ ബാവയുടെ തുടക്കം. ഒട്ടേറെ സിനിമകളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറിൽ ബ്രേക്കായത്.