ബുഡാപെസ്റ്റ്: ദിവ്യകാരുണ്യത്തിന്റെയും കുരിശിന്റെയും മുന്നിൽ നമ്മുടെ വിശ്വാസത്തെ ശുദ്ധീകരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. അന്‍പത്തിരണ്ടാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം കുറിച്ചുക്കൊണ്ട് ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തിൽഅർപ്പിച്ച ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പരിശുദ്ധ കുർബാനയുടെ മുന്നിൽ സമയം ചിലവിടുന്നത് നമ്മെ സുഖപ്പെടുത്തുകയും, നമ്മുടെ കർക്കശതയിലും സ്വാർത്ഥതയിൽ നിന്നും അടിമത്വത്തിൽ നിന്നും നമ്മെ മോചിപ്പിക്കുകയും അവൻ നയിക്കുന്നിടത്ത് അവനെ അനുഗമിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

‘ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്’എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു. ആ ചോദ്യംതന്നെയാണ് നമ്മളോരോരുത്തരും അഭിമുഖീകരിക്കുന്നത്. പഠിച്ചുവച്ച വേദോപദേശം ഓര്‍ത്തെടുത്ത് പെട്ടെന്ന് ഉത്തരം നല്‌കേണ്ട ചോദ്യമല്ലിത്. സജീവവും വ്യക്തിപരവുമായ ഒരുത്തരം ആവശ്യമാണെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. ആ ഉത്തരം നമ്മെ ശിഷ്യരെന്ന നിലയിൽ നവീകരിക്കും. അതിനു മൂന്ന് പടവുകളുണ്ടെന്നും അവ യേശുവിനെ പ്രഖ്യാപിക്കലും, യേശുവിനോടൊപ്പമുള്ള കാര്യവിചാരവും, യേശുവിനെ അനുഗമിക്കലുമാണെന്നും പാപ്പ പറഞ്ഞു.

കർദ്ദിനാൾ പീറ്റർ എർഡേ, ഹംഗറിയിലെ ബിഷപ്പുമാർ, മറ്റ് 70 രാജ്യങ്ങളിൽ നിന്നുള്ള കർദ്ദിനാൾമാർ, ബിഷപ്പുമാർ, നൂറുകണക്കിന് ഹംഗേറിയൻ വൈദികര്‍ എന്നിവരോടൊപ്പമായിരിന്നു ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിയത്. പതിനായിരങ്ങളാണ് ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഹീറോസ് സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതോടെ വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുസാന്നിധ്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് നടന്ന 52ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനമായി.