തിരുവനന്തപുരം: കോവിഡ് മരണ കണക്കിലെ കള്ളക്കളി അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം മാര്‍ഗരേഖ പുതുക്കിയതോടെയാണ് പിണറായി സര്‍ക്കാര്‍ വെട്ടിലായത്. ഒഴിവാക്കപ്പെട്ട മരണങ്ങളുടെ കണക്കെടുപ്പ് ഒന്നര മാസം മുമ്ബ് പൂര്‍ത്തിയായെങ്കിലും പ്രസിദ്ധീകരിക്കാതെ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ്. കോവിഡ് നെഗറ്റീവായശേഷം മരിച്ചവരും ഗുരുതര അസുഖങ്ങള്‍ ബാധിച്ചിരുന്നവരുമായ പതിനായിരത്തിലേറെപ്പേരാണ് ഔദ്യോഗിക കണക്കുകള്‍ക്ക് പുറത്തുള്ളത്.

ജൂലൈ രണ്ടിനാണ് ഒന്നാം തരംഗ സമയത്തുള്‍പ്പെടെ ഒളിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ കണക്കെടുപ്പും പൂര്‍ത്തിയാക്കി. രണ്ടു മാസം പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാന്‍ മാത്രം സര്‍ക്കാര്‍ മടിച്ചു. കേന്ദ്ര മാനദണ്ഡം വരുമെന്നും അതിന്‍്റെ മറവില്‍ യഥാര്‍ഥ കണക്കുകള്‍ വെളിപ്പെടുത്താമെന്നും ആരോഗ്യ വകുപ്പിലെ ഉന്നതര്‍ തന്നെ സര്‍ക്കാരിനെ ഉപദേശിച്ചു. കണക്കു കൂട്ടിയതുപോലെ കേന്ദ്ര നിര്‍ദേശം വന്നു. കോവിഡ് ബാധിച്ച്‌ 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കണം. ലോകാരോഗ്യ സംഘടന നേരത്തെ നിര്‍ദേശിച്ചതില്‍ നിന്നും കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് കേന്ദ്ര നിര്‍ദേശം. ഇതിന്‍്റെ അടിസ്ഥാനത്തിലായിരിക്കും കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്.

പക്ഷേ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഇനിയും ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതിപ്പെടാനാകൂ. ഒന്നാം നമ്ബറിനു വേണ്ടി പരമാവധി പേരെ ഒഴിവാക്കാനല്ല, കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഇനി ശ്രമം വേണ്ടത്. തുക എത്ര ചെറുതാണെങ്കിലും കേന്ദ്ര-സംസ്ഥാന ആനുകൂല്യങ്ങള്‍ ഒരു കുടുംബത്തിനും നിഷേധിക്കാന്‍ പാടില്ല.